തിരുവനന്തപുരം: നിയമസഭ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയതോടെ പ്രതിപക്ഷം പ്ലക്ക് കാര്‍ഡുകളുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി എന്‍. ജോണ്‍ തുടങ്ങിയ യുവ എം.എല്‍.എമാര്‍ പ്രതിഷേധ സൂചകമായി കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ധരിച്ചാണ് നിയമസഭയിലെത്തിയത്.
നിയമസഭ മന്ദിരത്തില്‍ മാധ്യമങ്ങള്‍ക്കും ഇക്കുറി കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാന്‍ പി.ആര്‍.ഡി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുകല്‍ നേരത്തെ പുറത്തുവന്നിരുന്നു.