2000 കോടിയുടെ ഫോക്‌സ് വാഗണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ വാദം തെറ്റ്: എമേര്‍ജിങ് കേരളയെപ്പറ്റി അറിയില്ലെന്ന് കമ്പനി
Kerala
2000 കോടിയുടെ ഫോക്‌സ് വാഗണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ വാദം തെറ്റ്: എമേര്‍ജിങ് കേരളയെപ്പറ്റി അറിയില്ലെന്ന് കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2012, 4:07 pm

കൊച്ചി: ഫോക്‌സ്‌വാഗണിന്റെ 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ കമ്പനി തയ്യാറാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം പൊളിയുന്നു. കേരളത്തില്‍ ഒരു പദ്ധതിയും തുടങ്ങാന്‍ കമ്പനി ആലേചിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് അലക്‌സാണ്ടര്‍ ഷെബെ വ്യക്തമാക്കി. എമേര്‍ജിങ് കേരള എന്താണെന്ന് പോലും അറിയില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.[]

ഫോക്‌സ് വാഗണ്‍ (Volkswagen) കേരളത്തില്‍ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും അലക്‌സാണ്ടര്‍ ഷെബെ വ്യക്തമാക്കി.

ഫോക്‌സ്‌വാഗണിന്റെ 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ് ഉള്‍പ്പെടെ എമര്‍ജിങ് കേരളയില്‍ 40,000 കോടിയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്ന വ്യക്തമായ 45 പദ്ധതി നിര്‍ദേശങ്ങള്‍ എത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ധാരണാപത്രം ഒപ്പിട്ട ബി.പി.സിഎലിന്റെ 20,000 കോടിയുടെ പദ്ധതികളും ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌വാഗണ്‍ മുന്നോട്ടുവെച്ച 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റും ഇതില്‍ പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തോളം വിദേശ രാജ്യങ്ങളും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് നിക്ഷേപക സംഗമത്തിന്റെ സമാപന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.