World News
മെഡിറ്ററേനിയന്‍ കടല്‍ 'ഒറ്റയ്ക്ക് താണ്ടി' ഒരു വയസുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 19, 05:34 am
Sunday, 19th December 2021, 11:04 am

റോം: ഒരു വയസുള്ള കുഞ്ഞ് അപകടകരമായ മെഡിറ്ററേനിയന്‍ കടല്‍ ‘ഒറ്റയ്ക്ക്’ കടന്നതായി റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെ കുട്ടിയെ കടല്‍ താണ്ടിക്കടക്കാന്‍ വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തിച്ചേര്‍ന്നു. ടി.ആര്‍.ടി വേള്‍ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുഞ്ഞിന്റെ പേരോ സ്വദേശമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസമായി ലാംപെഡൂസ ദ്വീപില്‍ 500ലധികം കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്. ഏഴ് വ്യത്യസ്ത ബോട്ട് ലാന്‍ഡിങ്ങുകളിലാണ് ആളുകള്‍ എത്തിയത്. അതിലൊരാളായിരുന്നു ഈ ഒരു വയസുകാരനുമെന്ന് ഇറ്റാലിയന്‍ ദിനപത്രമായ റിപബ്ലിക്ക ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

”നടക്കാന്‍ പഠിക്കുന്നതിനും മുമ്പ് തന്നെ അവന്‍ മെഡിറ്ററേനിയന്‍ താണ്ടിയിരിക്കുന്നു. തിരകളെ അവന്‍ സധൈര്യം നേരിട്ടു. ഇത്രയും ചെറിയ കുഞ്ഞിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിടാനാവില്ല,” റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച ദ്വീപില്‍ ലാന്‍ഡ് ചെയ്ത ബോട്ടില്‍ 70 പേര്‍ക്കിടയില്‍ നിന്നാണ് റെസ്‌ക്യൂ സംഘം കുഞ്ഞിനെ കണ്ടെത്തിയത്.

ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന ആളുകള്‍ കുഞ്ഞിനെപ്പറ്റി അറിയില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ‘മെഡിറ്ററേനിയന്‍ താണ്ടുമ്പോള്‍ ഇവനെ സുരക്ഷിതമാക്കണേ’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാതാപിതാക്കള്‍ കുഞ്ഞിനെ ബോട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് മറ്റ് കുടിയേറ്റക്കാരുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: One year old migrant crossed Mediterranean sea alone