ഫലസ്തീനിലെ ഇസ്രഈൽ ആക്രമണം; പ്രമുഖ ബ്രാൻഡുകൾ ഉപേക്ഷിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ
Worldnews
ഫലസ്തീനിലെ ഇസ്രഈൽ ആക്രമണം; പ്രമുഖ ബ്രാൻഡുകൾ ഉപേക്ഷിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 2:18 pm

വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രഈലിന്റെ ആക്രമണത്തിന് ലോകരാജ്യങ്ങൾ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഉപേക്ഷിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ. പബ്ലിക് റിലേഷൻസ് സ്ഥാപനമായ എഡൽമാൻ്റെ വാർഷിക ട്രസ്റ്റ് ബാരോമീറ്റർ റിപ്പോർട്ടിലാണ് മൂന്നിൽ ഒരാൾ യു.എസ് ആസ്ഥാനമായുള്ള ബ്രാൻഡുകൾ ഉപേക്ഷിക്കുന്നതായി പറയുന്നത്.

യു.എസ് ആസ്ഥാനമായുള്ള സ്റ്റാർബക്‌സ്, മക്‌ഡൊണാൾഡ്‌സ്, കൊക്കകോള തുടങ്ങിയ കമ്പനികൾ കടുത്ത വെല്ലുവിളികൾ നേരിടുന്നെന്നാണ് റിപ്പോർട്ടുകൾ. ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണയിൽ പ്രതിഷേധിച്ചാണ് ആളുകൾ ഈ കമ്പനികളെ ബഹിഷ്കരിക്കുന്നതെന്നാണ് കണ്ടെത്തൽ.

ഫ്രാൻസ്, സൗദി അറേബ്യ, യുകെ, യു.എസ് എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിലായി 15,000 ഉപഭോക്താക്കളിലാണ് സർവേ നടത്തിയത്.

ലോകമെമ്പാടുമുള്ള 60 ശതമാനം ഉപഭോക്താക്കളും അവരുടെ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നത്.

പ്രതികരിച്ചവരിൽ അധികമാളുകളും തങ്ങൾ ആരോടൊപ്പമാണെന്ന് പറഞ്ഞിട്ടില്ല. ബ്രാൻഡുകൾ ബഹിഷ്‌കരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയ മികച്ച അഞ്ച് രാജ്യങ്ങളിൽ മൂന്നെണ്ണം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ്. സൗദി അറേബ്യ, യു.എ.ഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലുണ്ട്.

സൗദി അറേബ്യയിൽ 72 ശതമാനം പേരും ഗസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ ഇസ്രഈലിനെ പിന്തുണയ്ക്കുന്നുവെന്ന് വിശ്വസിക്കുന്ന ബ്രാൻഡുകൾ ഒഴിവാക്കുന്നു. അതുപോലെ, യു.എ.ഇയിൽ പ്രതികരിച്ചവരിൽ 57 ശതമാനം പേരും ഒരു പ്രത്യക പക്ഷത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ ബ്രാൻഡ് ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു.

ഒരു ബ്രാൻഡിൻ്റെ ഉൽപ്പന്നം തെരഞ്ഞെടുക്കുമ്പോൾ ഉപഭോക്തൃ സേവനം, പ്രശസ്തി, സൗകര്യം എന്നിവയേക്കാൾ, വിശ്വാസമാണ് പ്രധാനമെന്ന് പ്രതികരിച്ചവരിൽ ഭൂരിഭാഗവും പറഞ്ഞു.

ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിൽ ഒരു പ്രത്യേക പക്ഷത്തെയും പിന്തുണയ്ക്കുന്നില്ലെന്ന് പല കോർപ്പറേഷനുകളും പ്രസ്താവിച്ചിട്ടും, ആളുകൾ ബ്രാൻഡുകൾ ഒഴിവാക്കുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് റിപ്പോർട്ട് .

നിരവധി ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രഈലിന്റെ വംശഹത്യ നിലപടിൽ യു.എസിന്റെ പിന്തുണയിൽ പ്രതിഷേധമറിയിച്ചു കൊണ്ട് രംഗത്ത് വരുന്നത്. യു.എസിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കലാപങ്ങൾ പൊട്ടി പുറപ്പെട്ടു. ഇസ്രഈലിന്റെ അക്രമണങ്ങളിൽ ഫലസ്തീനിൽ ഇതുവരെ 37000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

Content Highlight:  One-third of consumers boycott brands due to Israel war on Gaza, global survey reveals