മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി
Kerala News
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th June 2022, 12:34 pm

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് വകുപ്പ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പായ പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പു കൂടി ചുമത്തിയാണ് റിപ്പോര്‍ട്ട്.

അന്യായമായി തടങ്കലില്‍ വെക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ നേരത്തെ തന്നെ സുരേന്ദ്രനെതിരെ ചുമത്തിയിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതില്‍ സുന്ദര തന്നെ നേരത്തെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴയായി നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കെ. സുരേന്ദ്രനെതിരായ കേസ്.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് താന്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള കാരണം മാധ്യമങ്ങളിലൂടെ സുന്ദര വെളിപ്പെടുത്തിയത്. കെ. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ട് നഷ്ടപ്പെടുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നുവെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു.

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം കാസര്‍കോട് ബദിയടുക്ക പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

ഇതിലാണ് കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Content Highlight: One more section imposed against BJP leader K Surendran in Manjeswaram election bribery case