ലക്നൗ: ഉത്തർപ്രദേശിലെ ഈശ്വർ ജില്ലയിലെ സയ്ഫായി മെഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ് രോഗികൾ. ആഗ്രയിലെ ആശുപത്രിയിൽ നിന്ന് പ്രത്യക ബസിൽ സയ്ഫായിലേക്ക് മാറ്റിയ 69 രോഗികൾക്കാണ് അടച്ചിട്ട ആശുപത്രി ഗേറ്റിന് മുന്നിൽ ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നത്. പ്രത്യേക വാർഡിലേക്ക് ഇവരെ മാറ്റുന്നതിൽ ഉണ്ടായ താമസമാണ് രോഗികൾ പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കാൻ ഇടയാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ചൊവ്വാഴ്ച്ച നടന്ന സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.
രോഗികൾക്കൊപ്പം ആഗ്രയിൽ നിന്ന് ഒരു എസ്കോർട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഹോസ്പിറ്റൽ ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോഗികൾ പുറത്ത് കാത്ത് നിൽക്കുന്നതും വ്യക്തമാണ്. കേവലം മാസ്ക് മാത്രം ധരിച്ചാണ് രോഗികൾ 112 കിലോമീറ്റർ സഞ്ചരിച്ച് ആഗ്രയിൽ നിന്ന് സയ്ഫായിലെ സർക്കാർ ആശുപത്രിയിലെത്തിയതും.
വീഡിയോയിൽ തന്നെ സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥനായ ചന്ദ്രപാൽ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോഗികൾക്ക് നിർദേശം കൊടുക്കുന്നതും കാണാം.