'ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും അവഗണിച്ച ബി.ജെ.പിക്ക് കിട്ടിയ ശിക്ഷ' സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി മന്ത്രി
Kairana Lok sabha Bye-Election
'ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും അവഗണിച്ച ബി.ജെ.പിക്ക് കിട്ടിയ ശിക്ഷ' സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st May 2018, 12:46 pm

 

കൈരാന: കൈരാന ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യോഗി മന്ത്രിസഭയിലെ മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ നേതാവുമായ ഓം പ്രകാശ് രാജ്ഭര്‍.

“ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷം തന്നെ ഞാന്‍ പറഞ്ഞതാണ് ദളിതരുടേയും പിന്നോക്ക വിഭാഗങ്ങളുടേയും ആവശ്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന്. ഞങ്ങള്‍ പറഞ്ഞത് ആരും കേട്ടില്ല. ഇപ്പോള്‍ പിന്നോക്ക വിഭാഗം ഞങ്ങളെ അവഗണിക്കുകയാണ്.” അദ്ദേഹം പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

70000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൈരാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 340211 വോട്ടുകളാണ് തബസും നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങ്ങിന് 270435 വോട്ടുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.

2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.


Also Read:ഇത് മോദിക്കെതിരായ ജനവിധി: ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ബി.ജെ.പിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍


 

ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിക്കുന്നത്. മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.

ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.