കോഴിക്കോട്: ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് ഔദ്യോഗികമായി കൈപ്പറ്റിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്. പബ്ലിക് ഗ്രൗണ്ടിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് ഉത്തരവിലുള്ളത്.
കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേ കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല.
‘പബ്ലിക് ഗ്രൗണ്ടിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷേ, H1-67797/22/CC എന്ന് റഫറന്‍സും കാണുന്നു. ആ ഫയല്‍ പണ്ട് കര്‍ണ്ണാടകക്ക് പ്രതിയെ പിടിക്കാന്‍ പോയ നമ്മളെ ശശിയാക്കിയതിനെക്കുറിച്ച് പോസ്റ്റിട്ടതിന് എടുത്ത അച്ചടക്ക നടപടിയാണ്.
അതിന് ഫറോക്ക് ഇന്‍സ്‌പെക്ടര്‍ എനിക്കെതിരെ കൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്താന്‍ ബേപ്പൂര്‍ ഐ.പി.യെ ഏല്‍പ്പിച്ചിട്ടുള്ളതുമാണ്. പിന്നെങ്ങിനെ അതിന്മേല്‍ തിരുവനന്തപുരത്ത് നിന്ന് നടപടി വരും?
‘പബ്ലിക് ഗ്രൗണ്ടെന്ന് പറഞ്ഞാ ഇങ്ങനല്ലല്ലോ സാറേ’ എന്നോ ‘H1നമ്പര്‍ കേറ്റിയത് ഉഡായിപ്പല്ലേ സാറേ’ എന്നോ ഇക്കാര്യത്തില്‍ വിവരമുള്ള ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റൂല,’ ഉമേഷ് വള്ളിക്കുന്ന് കുറിപ്പില്‍ പറയുന്നു.
സ്ഥലംമാറ്റിയുള്ള സംസ്ഥാന മേധാവിയുടെ ഉത്തരവ് മീഡിയക്കും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കും മാത്രമേ കിട്ടിയുള്ളുവെന്നും തനിക്കുള്ളത് ലഭിച്ചിട്ടില്ലെന്നും ഉമേഷ് വള്ളിക്കുന്ന് പോസ്റ്റില്‍ പറഞ്ഞു.
കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒ ആയ അദ്ദേഹത്തെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റുന്നു എന്ന് തന്നെയായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.
പത്തനംതിട്ട ജില്ലയില്‍ ജോലിചെയ്യാന്‍ അവസരമൊരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിനും എ.ഐ.ജി ഹരിശങ്കര്‍ സാറിനും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഈ വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചിരുന്നു.
കെ. ആര്‍.നാരായണന്‍ ഇന്‍സ്‌റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൊണ്ട് ഒപ്പം നില്‍ക്കാനും അതിന് നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞത് സര്‍വീസ് ജീവിതത്തിലെ ഉജ്ജ്വലമായ ഒരവസരമായി കണക്കാക്കുന്നുവെന്നും ഉമേഷ് പറഞ്ഞിരുന്നു.