Sports News
വെസ്റ്റ് ഇന്‍ഡീസിന്റെ നായകനും ഞാന്‍ തന്നെ, വില്ലനും ഞാന്‍ തന്നെ; സൂപ്പര്‍ റെക്കോഡും മോശം റെക്കോഡും ഒറ്റയടിക്ക് സ്വന്തമാക്കി മക്കോയ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 07, 12:27 pm
Sunday, 7th August 2022, 5:57 pm

വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത പേരുകളിലൊന്നാണ് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ പേസര്‍ ഒബെഡ് മക്കോയ്‌യുടെത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാളും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളും കൂടിയായിരുന്നു മക്കോയ്.

കെ.എല്‍. രാഹുലിന് പകരക്കാരനായി സഞ്ജു സാംസണ്‍ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മുതല്‍ രാജസ്ഥാന്‍ ആരാധകര്‍ കാത്തിരുന്നത് സഞ്ജു – മക്കോയ് ഫേസ് ഓഫിനായിരുന്നു.

ആദ്യ മൂന്ന് മത്സരത്തിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ മത്സരങ്ങളില്‍ വിന്‍ഡീസ് ടീമിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിലെ പ്രധാനിയായിരുന്നു മക്കോയ്.

രണ്ടാം മത്സരത്തില്‍ മക്കോയ് എന്ന കരീബിയന്‍ പേസറുടെ വിശ്വരൂപമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ച ഒരേയൊരു മത്സരത്തില്‍ ഇന്ത്യയെന്ന വന്‍മരത്തെ ഒറ്റയ്ക്കായിരുന്നു മക്കോയ് കടപുഴക്കി എറിഞ്ഞത്.

നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പടെ ആറ് വിക്കറ്റായിരുന്നു മക്കോയ് വീഴ്ത്തിയത്. കേവലം 17 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു മക്കോയ്‌യുടെ പ്രകടനം.

ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വീഴ്ത്തിക്കൊണ്ടായിരുന്നു മക്കോയ് തുടങ്ങിയത്. രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു താരത്തിന് മുമ്പില്‍ മുട്ടുമടക്കിയത്.

ഇതോടെ ഒരു സൂപ്പര്‍ റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ടി-20യില്‍ ഒരു വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ ഏറ്റവും മികച്ച സ്‌പെല്‍ എന്ന റെക്കേഡായിരുന്നു താരത്തെ തേടിയെത്തിയത്.

എന്നാല്‍ ആ താരപരിവേഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇന്ത്യയുമായുള്ള പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ നായകനായ മക്കോയ് യ്ക്ക് ദുരന്തനായകന്റെ പരിവേഷം കൈവരികയായിരുന്നു.

സഞ്ജു സാംസണ്‍ ഇറങ്ങിയ നാലാം ടി-20യിലായിരുന്നു മക്കോയ് ഒന്നുമല്ലാതായി മാറിയത്. കേവലം നാല് ഓവറില്‍ 66 റണ്‍സായിരുന്നു താരം വിട്ടുനല്‍കിയത്. 16.50 എന്ന എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരു മോശം റെക്കോഡും മക്കോയ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ടി-20യില്‍ ഏറ്റവും മോശം സ്‌പെല്‍ എറിഞ്ഞ ബൗളര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

അതായത്, ഒരേ കാറ്റഗറിയിലെ ഒന്നാമനും അവസാനക്കാരനും മക്കോയ് തന്നെയാണ്. ഒരു പരമ്പരയിലാണ് താരം ഈ രണ്ട് റെക്കോഡും കരസ്ഥമാക്കിയത് എന്നതാണ് ഏറ്റവും വലിയ അത്ഭുതവും.

അതേസമയം, നാലാം മത്സരത്തിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്കായിരുന്നു. ഞായറാഴ്ചാണ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം.

 

Content highlight: Obed McCoy grabs Best and Worst records for West Indies