റിലീസിനൊരുങ്ങുന്ന തന്റെ പുതിയ നോവലിന് ജീത്തു ജോസഫ് ചിത്രം കൂമനുമായി സാമ്യമെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി. ധര്‍മജന്‍. പ്രൂഫ് റീഡര്‍ കൂടിയായ സുഹൃത്ത് നിര്‍ബന്ധിച്ചിട്ടാണ് സിനിമ കണ്ടതെന്നും നോവലിന്റെ റിലീസ് ഇനി ഉണ്ടാവില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഖില്‍ പറഞ്ഞു.
‘ശ്രീ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമയായ ‘കൂമന്‍’ കണ്ടിട്ട് അടുത്ത സുഹൃത്ത് വിഷ്ണു അത് കാണുവാന്‍ എന്നെ നിര്‍ബന്ധിക്കുകയും ഇന്ന് വൈകിട്ട് ഞാന്‍ ആ സിനിമ കാണുകയും ചെയ്യുകയുണ്ടായി.
ഒരിക്കല്‍ ഒരു വെബ് സീരീസുമായി ബന്ധം വന്നതിനാല്‍ ഉപേക്ഷിച്ച് വീണ്ടും മാറ്റി എഴുതി റിലീസിന് നില്‍ക്കുന്ന എന്റെ പുതിയ നോവല്‍ ‘രാത്രി 12-ന് ശേഷം’ ആയി സിനിമയ്ക്ക് നല്ല രീതിയില്‍ സാമ്യത തോന്നിയതിനാലാണ് പ്രൂഫ് റീഡര്‍ കൂടിയായ വിഷ്ണു സിനിമ കാണുവാന്‍ എന്നെ നിര്‍ബന്ധിച്ചത് എന്ന് ഞാന്‍ മനസിലാക്കുന്നു. ആയതിനാല്‍ ഡിസംബര്‍ റിലീസിന് തയ്യാറെടുക്കുന്ന നോവല്‍ ഉടന്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു,’ അഖില്‍ കുറിച്ചു.
നവംബര്‍ നാലിനാണ് കൂമന്‍ റിലീസ് ചെയ്തത്. ആസിഫ് അലി നായകനായ ചിത്രം ഒരു നാട്ടില്‍ നടക്കുന്ന മോഷണ പരമ്പരും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് കാണിക്കുന്നത്.
അഖിലിന്റെ ആദ്യ ഹൊറര്‍ നോവലായ ഓജോബോര്‍ഡ് ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ മുമ്പ് ടോപ് ലിസ്റ്റില്‍ വന്നിരുന്നു. മെര്‍ക്കുറി ഐലന്റാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പുസ്തകം.