വിര്‍ച്വല്‍ മീറ്റിംഗ് ഒന്നും പറ്റില്ല, നേരിട്ട് ഹാജരാകണം; ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്ക് പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം
national news
വിര്‍ച്വല്‍ മീറ്റിംഗ് ഒന്നും പറ്റില്ല, നേരിട്ട് ഹാജരാകണം; ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്ക് പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 10:21 pm

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ ഐ.ടി. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതിനിധികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ശശി തരൂര്‍ എം.പി. അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി.

നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്കുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. വിഷയത്തില്‍ ഗൂഗിള്‍, യൂട്യൂബ്, ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളുമായും ചര്‍ച്ച തുടരുമെന്നും കമ്മിറ്റി അറിയിച്ചു.

അതേസമയം കൂടിക്കാഴ്ച്ചയ്ക്കായി നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് ഫേസ്ബുക്ക് പ്രതിനിധികള്‍ അറിയിച്ചിരുന്നു. കമ്പനിയുടെ കൊവിഡ് പോളിസിയുടെ ഭാഗമായിട്ടായിരുന്നു ഈ തീരുമാനം.

എന്നാല്‍ വിര്‍ച്വല്‍ മീറ്റിംഗുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നും നേരിട്ട് തന്നെ ഹാജരാകണമെന്നും പാര്‍ലമെന്ററി കമ്മിറ്റി ഉത്തരവിടുകയായിരുന്നു.

പുതിയ ഐ.ടി. നിയമപ്രകാരം പരാതി പരിഹാര സെല്‍ ഇന്ത്യയില്‍ രൂപീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറാകാത്തതെന്താണെന്നും കമ്മിറ്റി നേരത്തെ ചോദിച്ചിരുന്നു.

കഴിഞ്ഞദിവസം ട്വിറ്ററുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ കമ്പനി പ്രതിനിധികളെ പാനല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ നിയമത്തിന് അതീതരല്ല ട്വിറ്റര്‍ എന്നായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ പരാമര്‍ശം.

ബി.ജെ.പി. എം.പിമാരായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, സെയ്ദ് സഫര്‍ ഇസ്ലാം, നിഷികാന്ത് ദുബൈ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടന്‍ അറിയിക്കാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികള്‍ പറഞ്ഞത്.

അതിനിടെ ഇന്ത്യയില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നും നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.

രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.

ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍ നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു.

സാമൂഹികമാധ്യമങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മേയ് 26-ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Not Virtually, Appear In Person Parliamentary Panel To Tell Facebook