കലഹന്ദി: മോശം നെറ്റ്‌വര്‍ക്കില്‍ പ്രതിഷേധിച്ച് എം.എല്‍.എയെ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഗ്രാമവാസികള്‍. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ ലന്‍ജിഗഡിലെ ബി.ജെ.ഡി എം.എല്‍.എയായ പ്രദീപ് കുമാര്‍ ദിഷാരിയെയാണ് ബന്ദപാരി ഗ്രാമവാസികള്‍ വിളിച്ചുവരുത്തി പ്രതിഷേധിച്ചത്.
ഗ്രാമത്തില്‍ ബി.എസ്.എന്‍.എല്‍ റേഞ്ച് പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായതോടെയാണ് ഗ്രാമാവാസികള്‍ അവരുടെ ഗ്രാമത്തില്‍ മെബൈല്‍ ടവര്‍ ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് എം.എല്‍.എയെ സമീപിച്ചത്.
എന്നാല്‍ ഗ്രാമത്തില്‍ എത്തിയ എം.എല്‍.എയെ കാത്തിരുന്നത് മൊബൈല്‍ ടവറിന് പകരം ‘BSNL 4G’ എന്ന് എഴുതിയ ഒരു മുള കൊണ്ട് ഉണ്ടാക്കിയ ടവറായിരുന്നു.
പ്രദേശത്ത് റേഞ്ച് ലഭിക്കാത്തത് മൂലം ഫോണ്‍ വിളിക്കുന്നതിനായി 4 കിലോമീറ്റര്‍ മലമ്പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അകലെയുള്ള കുകെല്‍കുബോറി ഗ്രാമത്തിലേക്ക് ആളുകള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എയെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തിയത്. നിരവധി തവണ ടവറിനെ കുറിച്ചുള്ള ആവശ്യം ഉന്നയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കി വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറയുന്നു.
‘ഇവിടെ ഒരു മൊബൈല്‍ ടവറിനായി അധികാരികളോട് നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്, കുട്ടികളും പ്രായമായവരും മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാതെ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍ വരുമെങ്കിലും അതെല്ലാം മറക്കുന്നു. ഇത്തവണ രാഷ്ട്രീയക്കാര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ലജ്ജിക്കണം, അതിനാലാണ് ഈ പ്രതിഷേധം’ എന്നാണ് ഗ്രാമവാസികളില്‍ ഒരാളായ തരുണ ദളപതി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം തങ്ങളുടെ ഗ്രാമപഞ്ചായത്തിന് മൊബൈല്‍ ടവര്‍ വേണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയ്ക്കും ജില്ലാ അധികാരികള്‍ക്കും കുറഞ്ഞത് നാല് നിവേദനമെങ്കിലും നല്‍കിയതായി ഗ്രാമവാസികള്‍ പറഞ്ഞു.
27 കാരിയായ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് പോലും വിളിക്കാന്‍ കഴിഞ്ഞില്ലെന്നും, ഇതുമൂലം ആ സ്ത്രീ മരിച്ചെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
കൊവിഡ് കാലത്ത് കുട്ടികളുടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയപ്പോള്‍, ഫോണുകളില്‍ നെറ്റ്വര്‍ക്ക് കിട്ടുന്നതിനായി അടുത്തുള്ള ഹതിസല്‍ ഘാട്ടി കുന്നിന് മുകളില്‍ കയറേണ്ടി വരുന്നെന്നും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടി.
‘എല്ലാ വിദ്യാര്‍ത്ഥികളും, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്കായി ഹതിസല്‍ ഘട്ടിലേക്ക് ഒരുമിച്ച് നടക്കുന്നു. രാത്രി എട്ടോ ഒമ്പതോ മണിയോടടുത്താണ് അവര്‍ മടങ്ങുന്നത്. അവര്‍ മടങ്ങിവരുന്നതുവരെ, അവരുമായി ആശയവിനിമയം നടത്താന്‍ ഒരു മാര്‍ഗവുമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ ആശങ്കാകുലരാണ്,’ എന്ന് മറ്റൊരു ഗ്രാമീണനായ ബിഷികേശന്‍ ബിഭര്‍ പറഞ്ഞു.