ലഖ്‌നൗ: വാക്‌സിന്‍ നയം മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നിലെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.
പൊതുജനങ്ങളുടെ പ്രകോപനം കൊണ്ടാണു കൊവിഡ് വാക്‌സിനേഷനെ രാഷ്ട്രീയ വത്കരിക്കാതെ, ഒടുവില്‍ അതിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായത്,’അഖിലേഷ് ട്വീറ്റ് ചെയ്തു.
തങ്ങള്‍ ബി.ജെ.പി. വാക്‌സിന് എതിരാണെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനു എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ബി.ജെ.പിയുടെ വാക്‌സിനു എതിരാണ്. എന്നാല്‍ ‘ഇന്ത്യാ സര്‍ക്കാരിന്റെ’ വാക്‌സിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളും വാക്‌സിന്‍ എടുക്കും. ഡോസുകളുടെ അപര്യാപ്തത മൂലം വാക്‌സിനെടുക്കാത്തവരോടും ഞങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കും,’ അഖിലേഷ് യാദവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം മാറ്റുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
വിദേശത്തു നിന്നും കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്‌സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.
ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
45 വയസ്സിനു മുകളിലുള്ളവര്‍ക്കു സൗജന്യ വാക്സിനും അതില്‍ താഴെയുള്ളവര്‍ക്കു പണമടച്ച് വാക്സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.