അക്രമവും ദുരഭിമാനക്കൊലയും ഭയന്ന്, മുഹമ്മദ് ഗാലിബും ആശാ വര്‍മയും ഈ മാസം ആദ്യമാണ് ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ ആശയുമായുള്ള വിവാഹം എളുപ്പമാകാനായി ജോലി തേടി ഗാലിബ് യു.എ.ഇയിലേക്ക് പോയി. ആ അവസരം ഉപയോഗിച്ച് ആശയുടെ സമ്മതമില്ലാതെ അവരുടെ കുടുംബം ബന്ധുവായ 45കാരനുമായി വിവാഹം ഉറപ്പിച്ചു.
ഇക്കാര്യം ആശ ഗാലിബിനെ അറിയിച്ചു. തുടര്‍ന്ന് ഗാലിബ് നാട്ടിലെത്തി. ഇതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്നമുണ്ടാക്കുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ഗാലിബും ആശയും ആലപ്പുഴയില്‍ എത്തി.
മുഹമ്മദ് ഗാലിബും ആശയും
ഫെബ്രുവരി 11 ന് ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തില്‍ ഇരുവരും ഇസ്ലാമിക ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി. കേരളത്തിലെ സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ഇരുവര്‍ക്കും സ്വീകരണമൊരുക്കി പിന്തുണച്ചു.
ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ചിതാര്‍പൂര്‍ പട്ടണത്തില്‍ നിന്നുള്ള ഈ ദമ്പതികള്‍, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ജാര്‍ഖണ്ഡ് പൊലീസിനൊപ്പം തങ്ങളുടെ കുടുംബാംഗങ്ങള്‍ കേരളത്തില്‍ എത്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
ലവ് ജിഹാദിനെ നേരിടാനെന്ന വ്യാജേന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരായ ആളുകള്‍ക്കെതിരെ മതപരിവര്‍ത്തന നിയമം ഉപയോഗിക്കുന്നു.
ഇരുവരും ഇവിടെ വിവാഹിതരാകുമ്പോള്‍ അവരുടെ നാട്ടില്‍ ലവ് ജിഹാദാരോപിച്ച് ഹിന്ദുമഹാസഭയടക്കമുള്ള തീവ്ര ഹിന്ദുത്വവാദികള്‍ തെരുവില്‍ യുദ്ധക്കളമൊരുക്കി. പ്രതിഷേധം ആളിക്കത്തി. യുവാവിന്റെ വീട്ടുകാരെ പൊലീസ് പിടിച്ച് കൊണ്ട് പോയി ദമ്പതികളുടെ ലൊക്കേഷന്‍ പറയിപ്പിച്ചു. ശേഷം പൊലീസും പെണ്‍കുട്ടിയുടെ ബന്ധുക്കളും ആശ ഗാലിബ് ദമ്പതികളെ കൂട്ടിക്കൊണ്ട് പോകാന്‍ കേരളത്തില്‍ എത്തി.
മുഹമ്മദ് ഗാലിബ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറയാന്‍ നിര്‍ബന്ധിച്ച് വ്യാജ വീഡിയോ റെക്കോര്‍ഡിങ് നടത്തിയതായി ആശാ വര്‍മ പരാതിപ്പെടുന്നു. പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്ന ദമ്പതികളെ സ്വന്തം നാട്ടിലേക്ക് ബലപ്രയോഗത്തിലൂടെ തിരികെ കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കാന്‍, ഹരജിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രായപൂര്‍ത്തിയായ ദമ്പതികള്‍ക്ക് രാജ്യത്ത് എവിടെയും സ്വതന്ത്രമായി താമസിക്കാനും വിവാഹം കഴിക്കാനും മൗലികാവകാശമുണ്ടെന്ന് ജസ്റ്റിസ് ഡയസ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ പ്രായപൂര്‍ത്തി ആയ ഇരുവരെയും വിട്ട് തരില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും കായംകുളം പൊലീസും മറുപടി നല്‍കുകയും ജാര്‍ഖണ്ഡ് പൊലീസിനെ പെണ്‍കുട്ടി തന്നെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ പോലും കാണിക്കാതെ ആണ് ജാര്‍ഖണ്ഡ് പൊലീസ് എത്തിയിരുന്നത്.
മുഹമ്മദ് ഗാലിബും ആശയും
പിന്നീട് ജാര്‍ഖണ്ഡ് പൊലീസ് എത്തിയത് ഗാലിബ് പെണ്‍കുട്ടിയെ കിഡ്‌നാപ്പ് ചെയ്‌തെന്ന് പുതിയ എഫ്.ഐ.ആറുമായിട്ടാണ്. എന്നാല്‍ കേരള പൊലീസ് സമ്മതിക്കാത്തതിനാല്‍ മാത്രം ‘തട്ടിക്കൊണ്ടുപോവല്‍’ നടന്നില്ല. പിന്നീടവരുടെ ആവശ്യം അവരിട്ട കേസിലെ പ്രതിയായ ഗാലിബിനെ വേണ്ട പെണ്‍കുട്ടിയെ മാത്രം മതിയെന്നായിരുന്നു. അവരുടെ തന്ത്രങ്ങള്‍ ഒന്നും തന്നെ വിലപ്പോയില്ല. ഇരുവരും ഇവിടെ തന്നെ നിന്നു. പ്രാദേശിക ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം. നേതൃത്വങ്ങള്‍ ഇരുവര്‍ക്കും സംരക്ഷണം പ്രഖ്യാപിച്ച് കൂടെ നിന്നു.
മതവിദ്വേഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലേക്ക് എത്തിച്ചേരാന്‍ ഇരുവരെയും പ്രേരിപ്പിച്ചത് എന്തായിരിക്കാം? മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് നിയമ പ്രശ്‌നത്തെ ഭയക്കാതെ ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ വളരെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നതാണ് ആ കാരണം.
ലവ് ജിഹാദിനെ നേരിടാനെന്ന വ്യാജേന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരായ ആളുകള്‍ക്കെതിരെ മതപരിവര്‍ത്തന നിയമം ഉപയോഗിക്കുന്നു.
കേരളത്തില്‍ നിന്നായിരുന്നു ലവ് ജിഹാദ് പ്രചരണങ്ങളുടെ ആരംഭം. 2000 ത്തിന്റെ അവസാനത്തിലും 2010കളുടെ തുടക്കത്തിലുമാണ് ലവ് ജിഹാദ് എന്ന പദം പ്രാധാന്യം നേടാന്‍ തുടങ്ങിയത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഈ പദത്തിന് അമിത പ്രചാരം നല്‍കിയതില്‍ വലിയൊരു പങ്കുണ്ട്.
എന്നാല്‍ അക്കാലം തൊട്ട് തന്നെ ഡൂള്‍ന്യൂസ് വസ്തുതാപരമായ അന്വേഷണങ്ങളിലൂടെ ‘ലൗജിഹാദ്’ എന്നൊരു സംഭവമേ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഡൂള്‍ന്യൂസിന്റെ ഈ അന്വേഷണങ്ങളെ അല്‍ജസീറയുള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും അവരുടെ റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ഇസ്ലാമോഫോബിക് ഗൂഢാലോചന സിദ്ധാന്തമാണ് ലവ് ജിഹാദ്. മുസ്ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി അവരെ പ്രണയം നടിച്ച് വഞ്ചിച്ച് വിവാഹം ചെയ്യുന്നുവെന്നതാണ് ഇതിന്റെ ചുരുക്ക രൂപം.
തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നത് മറ്റൊരു വാസ്തവം. മുസ്ലിങ്ങളെ ക്രൂരരും ഹൈപ്പര്‍സെക്ഷ്വലുമായി ചിത്രീകരിക്കുകയും ഹിന്ദു സ്ത്രീകള്‍ നിഷ്‌ക്രിയരും ഇരകളാക്കപ്പെടുന്നവരുമാണെന്ന ആശയങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നു. അതേസമയം സ്ത്രീകള്‍ക്ക് അവരുടെ നിയമപരമായ സ്‌നേഹിക്കാനുള്ള അവകാശവും സ്വന്തം പാട്ണറെ തെരഞ്ഞെടുക്കാനുള്ള അവകാശം വിനിയോഗിക്കാനുള്ള സാധ്യതയും ഇവിടെ അവഗണിക്കപ്പെടുന്നു.
ഔട്ട്ലുക്ക് മാഗസിന്‍ പറയുന്നതനുസരിച്ച് ഈ ഗൂഢാലോചന സിദ്ധാന്തം, ഭയവും മത ഭ്രാന്തും വളര്‍ത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി സനാതന്‍ പ്രഭാത് , ഹിന്ദു ജനജാഗ്രതി സമിതി വെബ്സൈറ്റ് തുടങ്ങിയ ഹിന്ദുത്വ പ്രസിദ്ധീകരണങ്ങള്‍ ആണ് ആദ്യമായി പ്രചരിപ്പിക്കുന്നത്. ആകര്‍ഷകമായ വശീകരണകാരികളായും ലൈംഗികാതിക്രമികളായും ഒരേസമയം ചിത്രീകരിക്കപ്പെട്ട മുസ്ലിം പുരുഷന്മാരില്‍ നിന്ന് ഹിന്ദുക്കള്‍ തങ്ങളുടെ സ്ത്രീകളെ സംരക്ഷിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
2009ല്‍, മുസ്ലിം കാമുകന്മാരുമായി ഒളിച്ചോടിയ രണ്ട് അമുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേരളത്തിലെ ഒരു കോടതി കേസില്‍, ആ പദം വീണ്ടും ഉയര്‍ന്നുവന്നു. പങ്കാളികളോടൊപ്പം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടികള്‍ പിന്നീട് തുടര്‍ന്നുള്ള വിചാരണകളില്‍ മൊഴി മാറ്റി, മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, കേസില്‍ ലവ് ജിഹാദിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു. നിയമപരമായി ഈ പദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത് കേസായിരുന്നു ഇത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ലവ് ജിഹാദിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ല.
ഇന്ത്യന്‍ വാര്‍ത്താ വെബ്സൈറ്റായ സ്‌ക്രോള്‍.ഇന്‍ പ്രകാരം, ലവ് ജിഹാദ് എന്ന പദം പ്രചരിപ്പിക്കുന്നതില്‍ കേരളത്തിലെ കത്തോലിക്കാ സഭയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2009 ല്‍, 4,500 സ്ത്രീകളെ വരെ മതപരിവര്‍ത്തനത്തിന് ഇരയാക്കി വഞ്ചിച്ചതായി കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ അവകാശപ്പെട്ടു.
2017ല്‍, കേരളത്തില്‍ നിന്നുള്ള ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ അഖില അശോകന്റെ വിവാഹത്തോടെ ഇന്ത്യയിലുടനീളം ലവ് ജിഹാദ് എന്ന ആശയം ശ്രദ്ധ നേടി. ഇസ്ലാം മതം സ്വീകരിച്ച് ഷഫിന്‍ ജഹാന്‍ എന്ന മുസ്ലിം പുരുഷനെ വിവാഹം കഴിച്ച ശേഷമാണ് അഖില അശോകന്‍ ഹാദിയ എന്ന പേര് സ്വീകരിച്ചത്.
ഹാദിയയെ നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് കെ.എം. അശോകന്‍ കേരള ഹൈക്കോടതിയില്‍ വിവാഹത്തെ എതിര്‍ത്ത് ഹരജി ഫയല്‍ ചെയ്തു. കോടതി വിവാഹം അസാധുവാക്കി, ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയിലാക്കി. പിന്നാലെ ഷഫിന്‍ ജഹാന്‍ ഈ വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.
ഷഫിന്‍ ജഹാനും ഹാദിയയും
2018 മാര്‍ച്ചില്‍ സുപ്രീം കോടതി ഹാദിയയ്ക്ക് അനുകൂലമായി വിധിച്ചു, അവളുടെ മതവും ഇണയും തിരഞ്ഞെടുക്കാനുള്ള അവകാശം കോടതി ശരിവച്ചു. നിയമനടപടികള്‍ക്കിടെ, കേസിലെ ലവ് ജിഹാദ് വശം അന്വേഷിക്കാന്‍ ഇന്ത്യയിലെ പ്രമുഖ തീവ്രവാദ വിരുദ്ധ നിയമ നിര്‍വ്വഹണ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു . 2018 ഒക്ടോബറില്‍, മറ്റ് മതങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു ഏകോപിത ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് എന്‍.ഐ.എ കണ്ടെത്തി.
2014-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം, അവരും അവരുടെ അനുബന്ധ സംഘടനകളും ചില ‘തെരഞ്ഞെടുത്ത സംഭവങ്ങളെ’ ഉപയോഗിച്ച് സമുദായങ്ങളെ കൂടുതല്‍ വിഭജിക്കാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വര്‍ഗീയമായി ധ്രുവീകരിക്കാനും തുടങ്ങി. ഇരകള്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരും പ്രതികള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുമായിരുന്നു ഇവിടെ.
2022-ല്‍ ദല്‍ഹിയിലെ ഛത്തര്‍പൂരില്‍ ഉണ്ടായ കേസിലും ഹിന്ദുത്വവാദികള്‍ ലവ് ജിഹാദ് കലര്‍ത്തി. ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ അവരുടെ ലിവ്-ഇന്‍ പങ്കാളി അഫ്താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയ കേസിന് പിന്നില്‍ ലവ് ജിഹാദാണെന്ന് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞ് പരത്തി.
സമീപ വര്‍ഷങ്ങളില്‍, ഹിന്ദു തീവ്ര ഗ്രൂപ്പുകളും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുസ്ലിങ്ങള്‍ക്കെതിരെ ഭയവും വിദ്വേഷവും വളര്‍ത്തുന്നതിനായി ലവ് ജിഹാദ് വന്‍തോതില്‍ ആയുധമാക്കിയിട്ടുണ്ട്. പ്രധാനമായും ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍, ലവ് ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
2023 ജനുവരിയിലെ കണക്കനുസരിച്ച്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 11 എണ്ണവും അത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തോടെ നടത്തിയതായി ആരോപിക്കപ്പെടുന്ന മിശ്രവിവാഹങ്ങളെ ഈ നിയമങ്ങള്‍ അസാധുവാക്കുകയും 5-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.
രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം പ്രായപൂര്‍ത്തിയായ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് തന്നെയാണ് ഗാലിബ്- ആശ ദമ്പതികളെ കേരളത്തിലേക്കെത്തിച്ചത്.
CONTENT HIGHLIGHTS: Northern India, where Ghalib and Asha have to leave, and Kerala, which is held together