റാം റഹീം ജയിലിന് പുറത്തോ? ഇതുവരെ റാം റഹീമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്‍
Daily News
റാം റഹീം ജയിലിന് പുറത്തോ? ഇതുവരെ റാം റഹീമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2017, 9:27 pm

റോഹ്തക്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിനുശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനു ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെ സഹതടവുകാരന്‍. ജയിലില്‍ നിന്നു പുറത്തിറങ്ങിയയാളാണ് ഗുര്‍മീത് ജയിലിലുണ്ടെന്ന് പറയുന്നതല്ലാതെ തങ്ങളാരും ഇതുവരെ അയാളെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയത്.


Also Read: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി


“ജയിലില്‍ നിന്നു ജാമ്യത്തിലിറങ്ങിയ രാഹുല്‍ ജയിന്‍ എന്ന വ്യക്തിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ജയിലിലെ മറ്റുതടവപുകാരെ പോലെയല്ല അധികൃതര്‍ റാം റഹീമിനെ പരിചരിക്കുന്നതെന്ന് രാഹുല്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഗുര്‍മീത് ആ ജയിലിലാണു കഴിയുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്കു മറ്റാര്‍ക്കും പ്രവേശനമില്ല. ഗുര്‍മീതിനെ സെല്ലില്‍നിന്നു പുറത്തിറക്കുമ്പോള്‍ മറ്റു തടവുകാരെ സെല്ലിനുള്ളില്‍ പൂട്ടിയിടുകയാണ്”രാഹുല്‍ പറയുന്നു.

“പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി അദ്ദേഹം ക്യാന്റീനിലേക്കു പോകുകയാണു പതിവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അയാള്‍ക്ക് മികച്ച സൗകര്യങ്ങള്‍ കൊടുക്കുമ്പോള്‍ സാധാരണ തടവുകാര്‍ക്ക് അടിസ്ഥാനപരമായ ആവശ്യങ്ങള്‍പ്പോലും നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകുന്നില്ല.”

“ഗുര്‍മീത് വന്നതിനുശേഷമാണു ജയിലില്‍ സാധാരണ തടവുകാര്‍ക്കു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നേരത്തേ, ജയില്‍വളപ്പിനുള്ളില്‍ സ്വതന്ത്രമായി നടക്കാമായിരുന്നു. ഭക്ഷണവും നല്ലതായിരുന്നു. എന്നാല്‍ ഇപ്പോഴതു മാറി. വസ്ത്രങ്ങളും ചെരുപ്പും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍പ്പോലും ഇപ്പോള്‍ ഇല്ല.”


Dont Miss: ആവശ്യത്തിന് യൂറിയ ഉല്‍പാദപ്പിക്കുന്നതിന് താലൂക്കുകളില്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കും: നിതിന്‍ ഗഡ്കരി


“ഇതിനെത്തുടര്‍ന്നു അശോക് എന്ന തടവുകാരന്‍ ജഡ്ജിയെ സമീപിച്ചു. പിന്നീടാണു ഇവയെല്ലാം വരാന്‍ തുടങ്ങിയത്. മറ്റു തടവുകാര്‍ക്ക് അവരുടെ സന്ദര്‍ശകരുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്താനാണ് അനുവാദം. എന്നാല്‍ ഗുര്‍മീതിനു രണ്ടു മണിക്കൂര്‍ നേരം സന്ദര്‍ശകരെ കാണാം.” രാഹുല്‍ ആരോപിച്ചു.

ഗുര്‍മീതിനും ജയില്‍ അധികൃതര്‍ക്കും ഭക്ഷണവുമായി പ്രത്യേക വാഹനം ജയിലില്‍ എത്താറുണ്ടെന്നും രാഹുല്‍ ജെയ്ന്‍ പറയുന്നു. ആസശ്രമത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് റാം റഹീമിനെ കോടതി ശിക്ഷിച്ചത്.