യു.പിയില്‍ ഫിലിംസിറ്റി നിര്‍മിക്കും: യോഗി ആദിത്യനാഥ്
national news
യു.പിയില്‍ ഫിലിംസിറ്റി നിര്‍മിക്കും: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2020, 7:49 pm

ന്യൂദല്‍ഹി: ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടുന്നുവെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനവും ബോളിവുഡിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും വലിയ രീതിയില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം.

ബോളിവുഡ് മുംബൈയില്‍ തന്നെ നിലനില്‍ക്കും. അതിന് സമാനമായി ഒരു ഫിലിംസിറ്റി യു.പിയിലും പണിതുയര്‍ത്തുമെന്നായിരുന്നു യോഗി പറഞ്ഞത്. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആരും ഒന്നും ഇവിടുന്ന് കൊണ്ടുപോകുന്നില്ല. ഇതൊരു തുറന്ന മത്സരമാണ്. സാമൂഹിക സുരക്ഷയും ജോലിചെയ്യാന്‍ അനുയോജ്യമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് ബിസിനസ്സില്‍ പുരോഗതി കൈവരിക്കാനാകും. ബോളിവുഡിനെ യു.പിയിലേക്ക് പറിച്ചുനടുന്നില്ല. അതിന് പകരം യു.പിയില്‍ ഒരു ഫിലിം സിറ്റി നിര്‍മിക്കും. ലോകോത്തര സംവിധാനത്തിലുള്ള ഒരു ഫിലിംസിറ്റിയാകും യു.പിയിലേത്. ഇതിനായി ഈ മേഖലയിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെയും നിക്ഷേപം മോഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’, യോഗി പറഞ്ഞു.

കഴിഞ്ഞ ദിവസം യോഗിയും ബോളിവുഡ് നടന്‍ അക്ഷയ് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ യു.പിയില്‍ ചിത്രീകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്ന് റാവത്ത് പറഞ്ഞിരുന്നു.

‘മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. സൗത്ത് ഇന്ത്യന്‍ സിനിമാ വ്യവസായവും വലുതാണ്. പശ്ചിമ ബംഗാളിലും പഞ്ചാബിലും ഫിലിംസിറ്റികളില്ലേ? യോഗിജി അവിടെ ചെന്ന് സംവിധായകരോടും നടന്മാരോടും ചോദിക്കുമോ അതോ ഇത് മുംബൈക്ക് മാത്രം സംഭവിക്കാന്‍ പോകുന്നതാണോ?’, സഞ്ജയ് റാവത്ത് ചോദിച്ചു.

മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡിലെ മറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

യോഗിയുമായുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. ഇവിടെ ഒരു ഇന്ത്യന്‍ സിനിമാ വ്യവസായം ആവശ്യമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

എന്നാല്‍ യോഗിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു. ചെറുകിട ബിസിനസ് ഗ്രൂപ്പായ ഐ.എം.സി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആരുടെയും പുരോഗതിയില്‍ ഞങ്ങള്‍ക്ക് യാതൊരു അസൂയയുമില്ല. ഞങ്ങളോടൊപ്പം മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരോട് വിരോധവും ഇല്ല. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് നിന്ന് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ല, ഉദ്ദവ് പറഞ്ഞു.

ഇന്ന് ചില ആളുകള്‍ നിങ്ങളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവര്‍ പറയും. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഈ ശക്തമായ സംസ്ഥാനം, ഇവിടുന്ന് പോകുന്നവരെ പൂര്‍ണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്, ഉദ്ദവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will Built Film City In Uttarpradesh Says Yogiaditya Nath