Kerala
കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല ; ടിക്കറ്റുകള്‍ റദ്ദാക്കി റെയില്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 14, 08:06 am
Thursday, 14th May 2020, 1:36 pm

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം.

ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്നാണ് റെയില്‍വേ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് കേരളത്തിന് അകത്ത് യാത്ര ചെയ്യാനുള്ള 412 ടിക്കറ്റുകള്‍ റദ്ദാക്കി.

കേരളത്തിനകത്തെ യാത്രക്ക് അനുമതി നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ നടപടി.

മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക തീവണ്ടിക്ക് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകുക. ദല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസമില്ല.

എന്നാല്‍ ട്രെയിന്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതിനാണ് അനുമതിയില്ലാത്തത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കേരളത്തിനകത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ കൂടി ട്രെയിനില്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക