ന്യൂദല്‍ഹി: യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ യാതൊരു ഖേദവുമില്ലെന്ന് പ്രതിയായ സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ തന്നെ സരവ്ജിത് സിംഗിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ 7 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂട്ടുപ്രതികളെ കുറിച്ച് പ്രതി ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ 14 ദിവസം റിമാന്റില്‍ വേണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും 7 ദിവസത്തെ കാലാവധിയാണ് കോടതി അനുവദിച്ചത്.
കൊലപാതകത്തിന് ശേഷം പ്രതിയായ ഇയാളുടെ ചുറ്റും ആയുധധാരികളായ മറ്റ് നിഹാംഗുകളും മാധ്യമപ്രവര്‍ത്തകരും നില്‍ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. താങ്കളുടെ പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്നതും വീഡിയോയിലുണ്ടായിരുന്നു.
വാളും കുന്തവുമായി മരണപ്പെട്ടയാള്‍ക്ക് ചുറ്റും നില്‍ക്കുന്ന നിഹാംഗുകള്‍ അയാളോട് പേരും ഏത് ഗ്രാമത്തില്‍ നിന്നുമാണ് വന്നിട്ടുള്ളതുമെന്നും പറയാന്‍ ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നിഹാംഗുകള്‍ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്ത് വന്നിരുന്നു.