Advertisement
national news
ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണമില്ല; സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി: രാഷ്ട്രീയ വൈരാഗ്യം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 19, 05:39 am
Thursday, 19th April 2018, 11:09 am

ന്യൂദല്‍ഹി: ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹരജിക്കാരന്‍ ശ്രമിച്ചെന്നും ഗൂഢലക്ഷ്യത്തോടെയുള്ള ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.


Dont Miss സിനിമ അണിയറപ്രവര്‍ത്തകന്റെ ഭീഷണി;റിവ്യുകള്‍ നിര്‍ത്തുകയാണെന്ന് സുധീഷ് പയ്യന്നൂര്‍


ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ല. ഹരജിക്കാരന്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൊതുതാല്‍പര്യ ഹര്‍ജികള്‍ ഗൂഡാലോചന നിറഞ്ഞതും സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തുള്ളതും കോടതിയലക്ഷ്യവും ആണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഹര്‍ജിയുടെ ലക്ഷ്യം ജുഡീഷ്യറിയെ താര്‍ അടിച്ച് കാണിക്കല്‍ ആണെന്ന് സുപ്രീംകോടതി ബഞ്ച് അഭിപ്രായപ്പെട്ടു.

ദുഷ്യന്ത് ദാവെയ്ക്ക് പുറമെ ഇന്ദിര ജയ്സിംഗ്, വി ഗിരി, പിഎസ് സുരേന്ദ്രനാഥ്, പല്ലവ് ഷിഷോദിയ, പ്രശാന്ത് ഭൂഷണ്‍, സന്‍പ്രീത് സിംഗ് അജ്മാനി എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ഹരീഷ് സാല്‍വേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി.


ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജി ലോയ മരിച്ചത്. അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന് തൊട്ടുമുമ്പായിരുന്നു ഇത്.

ലോയുടെ പിതാവും സഹോദരി അനുരാധ ബിയാനിയും അടക്കമുള്ളവര്‍ കാരവാന്‍ മാഗസിനോട് നടത്തിയ വെളിപ്പെടുത്തലുകലാണ് ലോയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഉള്‍പ്പെടെ അതീവ ഗൗരവസ്വഭാവമുള്ള കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നു എന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ജനുവരി 12ന് ദല്‍ഹിയില്‍ സുപ്രീം കോടതിക്ക് പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശനവുമായായിരുന്നു അന്ന് ജഡ്ജിമാര്‍ രംഗത്തെത്തിയത്.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ നിലയ്ക്കല്ലെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നതായും അവര്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് ലോയ കേസ് ആണോ പ്രധാന പ്രശ്‌നം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “”അതെ”” എന്നായിരുന്നു രഞ്ജന്‍ ഗൊഗോയിയുടെ മറുപടി.

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുപ്രീംകോടതി ഫെബ്രുവരി 20ന് വ്യക്തമാക്കിയിരുന്നു. മരണകാരണം പരിശോധിക്കാനുള്ള ഇന്‍ക്വസ്റ്റ് നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.