കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിലെത്തിക്കുകയല്ലാതെ മാർഗമില്ലായിരുന്നു; അമിത് ഷായ്ക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള
national news
കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിലെത്തിക്കുകയല്ലാതെ മാർഗമില്ലായിരുന്നു; അമിത് ഷായ്ക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th December 2023, 11:55 pm

ന്യൂദൽഹി: ജവഹർലാൽ നെഹ്റുവിനെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. നെഹ്റു രണ്ടു മണ്ടത്തരങ്ങൾ കാണിച്ചു എന്നും അതിലൊന്ന് കാശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ടുപോയതാണെന്നും പാർലമെന്റ് ചർച്ചയിൽ പറഞ്ഞിരുന്നു.

മൗണ്ട് ബാറ്റൺ പ്രഭുവും സർദാർ വല്ലഭ ഭായി പട്ടേലും വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുവാൻ നിർദേശിച്ചിരുന്നുവെന്ന് നാഷണൽ കോൺഫറൻസ് പാർട്ടിയുടെ അധ്യക്ഷൻ കൂടിയായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘മറ്റു വഴികൾ ഒന്നുമില്ലായിരുന്നു. മൗണ്ട് ബാറ്റൺ പ്രഭുവും സർദാർ വല്ലഭായി പട്ടേലും വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുവാൻ നിർദേശിച്ചിരുന്നു,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

സൈന്യത്തെ വഴിതിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ പൂഞ്ചും രജൗരിയും കൂടി നഷ്ടപ്പെടുമായിരുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘ആ സമയം പൂഞ്ചിനെയും രജൗരിയെയും സംരക്ഷിക്കുവാൻ സൈന്യത്തെ വഴിതിരിച്ചുവിട്ടു. അല്ലെങ്കിൽ അതും പാകിസ്ഥാനിലേക്ക് പോകുമായിരുന്നു,’ ഫാറൂഖ് പറഞ്ഞു.

വിജയിച്ചുവരികയായിരുന്ന സൈന്യം പഞ്ചാബിലെത്തിയപ്പോഴാണ് ജവഹർ ലാൽ നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും മൂന്ന് ദിവസം കഴിഞ്ഞാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ പാക് അധീന കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്നുമായിരുന്നു അമിത് ഷായുടെ വാദം.

അമിത് ഷായുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ്‌ എം.പിമാർ പ്രതിഷേധിച്ചിരുന്നു. കശ്മീരിനെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചും പാർലമെന്റിൽ തുറന്ന ചർച്ച നടത്താൻ വെല്ലുവിളിക്കുന്നതായി കോൺഗ്രസ്‌ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

Content Highlight: No other way than taking up Kashmir issue to UN’: Farooq Abdullah on Amit Shah’s jibe on Nehru