ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ചേരുന്നതോടെ വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിക്കുന്നതെന്ന് കനയ്യ കുമാര്‍. എ.ഐ.സി.സി ആസ്ഥാനത്ത് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗത് സിംഗിന്റെ ജന്മദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചില വ്യക്തികളും ചിന്താധാരകളും ചേര്‍ന്ന് രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും സംസ്‌കാരവും മൂല്യങ്ങളും നശിപ്പിക്കുകയാണെന്നും കനയ്യ പറഞ്ഞു.
ഇതിനാലാണ് രാജ്യത്തെ ഏറ്റവും ജനാധിപത്യവും പഴക്കവുമുള്ള പാര്‍ട്ടിയില്‍ താന്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലാതായാല്‍ രാജ്യമില്ലാതാവുമെന്ന് തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ത്തി വലുതാക്കിയ സി.പി.ഐയ്ക്ക് നന്ദിയുണ്ടെന്നും ഇടതുപക്ഷത്തിന് ഭാവിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കനയ്യ പറഞ്ഞു.
പ്രതിപക്ഷത്തോടെങ്കിലും രാജ്യത്തെ മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നുണ്ടല്ലോയെന്നും മാധ്യമങ്ങളുടെ ധര്‍മ്മം ചോദ്യം ചോദിക്കുകയാണെന്ന് രാജ്യത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഇതിലൂടെ കഴിയുന്നുണ്ടല്ലോയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗാന്ധി, അംബേദ്ക്കര്‍, ഭഗത് സിംഗ് എന്നിവരുടെ ആശയങ്ങള്‍ ആണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യം. ഈ രാജ്യത്തിന് ഭഗത് സിംഗിന്റെ ധീരതയും അംബേദ്ക്കറിന്റെ തുല്യതാ മനോഭാവവും ഗാന്ധിയുടെ ഏകത ചിന്തയുമാണ്. ഇവ മൂന്നുമുള്ളത് കോണ്‍ഗ്രസിലാണെന്നും കനയ്യ പറഞ്ഞു.
വീട് കത്തുമ്പോള്‍ ആരും ബെഡ് റൂം സംരക്ഷിക്കാനല്ല നോക്കുക. ഇതേപോലെ രാജ്യം കത്തുമ്പോള്‍ ആരും സ്വന്തം കാര്യം മാത്രം നോക്കരുതെന്നും കനയ്യ പറഞ്ഞു.
അതേസമയം സാങ്കേതിക കാരണങ്ങളാല്‍ ജിഗ്‌നേഷ് മേവാനിക്ക് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാനായില്ല. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കനയ്യ കുമാറിനെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് പാര്‍ട്ടിയിലേക്ക് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തത്. നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ദല്‍ഹിയിലെ ഐ.ടി.ഒയിലെ രക്തസാക്ഷി പാര്‍ക്കില്‍ എത്തുകയും ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ കനയ്യയുടെയും ജിഗ്നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവരെയും ഉപയോഗിച്ച് പ്രചാരണം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ബീഹാറില്‍ കനയ്യയ്ക്കും ഗുജറാത്തില്‍ ജിഗ്നേഷിനും ഉയര്‍ന്ന പദവി നല്‍കാനാണ് സാധ്യത. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്.
താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.