ഫോണ്‍ ചോര്‍ത്തേണ്ട ആവശ്യം എനിക്കില്ല; വിമത എം.എല്‍.എയുടെ ആരോപണത്തില്‍ പ്രതികരിച്ച് കുമാരസ്വാമി
India
ഫോണ്‍ ചോര്‍ത്തേണ്ട ആവശ്യം എനിക്കില്ല; വിമത എം.എല്‍.എയുടെ ആരോപണത്തില്‍ പ്രതികരിച്ച് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 1:36 pm

ബെംഗളൂരു: വിമത എം.എല്‍.എമാരുടെ ഫോണ്‍ താന്‍ ചോര്‍ത്തുകയാണെന്ന ജെ.ഡി.എസ് മുന്‍ സംസ്ഥാന പ്രസിഡന്റും അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുമായ എ.എച്ച് വിശ്വനാഥിന്റെ ആരോപണത്തോട് പ്രതികരിച്ച് എച്ച്.ഡി കുമാരസ്വാമി.

അധികാരം നിലനിര്‍ത്താന്‍ താന്‍ ഒരു കളിയും കളിച്ചിട്ടില്ലെന്നും ആരോടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തേണ്ട ആവശ്യം തനിക്കില്ലെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്.

‘മുഖ്യമന്ത്രി പദം ശാശ്വതമല്ലെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. അത്തരമൊരു പദവി നിലനിര്‍ത്താന്‍, എനിക്ക് ഫോണ്‍ ചോര്‍ത്തേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ ചിലര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യത്തില്‍ നിന്ന് വളരെ അകലെയാണ്. ‘- എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

സിദ്ധരാമയ്യയുടെ അടക്കം 300 ഓളം നേതാക്കളുടെ സ്വകാര്യ ഫോണ്‍കോളുകള്‍ കുമാരസ്വാമി ചോര്‍ത്തുന്നുണ്ടെന്നായിരുന്നു വിശ്വനാഥിന്റെ ആരോപണം. കുമാരസ്വാമിക്ക് ആരേയും വിശ്വാസമില്ലെന്നും ഇത്തരത്തിലുള്ള ഫോണ്‍ ചോര്‍ത്തല്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

സഖ്യസര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് 17 എം.എല്‍.എമാര്‍ തീരുമാനിക്കുകയും രാജിക്ക് ഒരുങ്ങുകയും ചെയ്തതിന് പിന്നാലെയാണ് കുമാരസ്വാമി ഫോണ്‍ ചോര്‍ത്താന്‍ തയ്യാറായത് എന്നായിരുന്നു വിശ്വനാഥ് പറഞ്ഞത്.

1980 കളില്‍ രാമകൃഷ്ണ ഹെഡ്‌ഗെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചുപോകേണ്ടി വന്നത് ഫോണ്‍ചോര്‍ത്തല്‍ ആരോപണത്തിന് പിന്നാലെയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവായ ആര്‍. അശോകയും കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുടേയും ചില മാധ്യമപ്രവര്‍ത്തകരുടേയും അടക്കം ഫോണ്‍കോളുകള്‍ കുമാരസ്വാമി സര്‍ക്കാര്‍ ചോര്‍ത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കുമാരസ്വാമി എത്തിയത്.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് അധികാരത്തില്‍ നിന്നും ഇറങ്ങേണ്ടിവന്നത്.