Entertainment news
ആ ക്യാരക്ടര്‍ മല്ലിക ചേച്ചി ചെയ്യണമെന്ന് ഷൈന്‍ ചേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു, ഭാഗ്യം കൊണ്ടാണ് ചേച്ചിയുടെ ഡേറ്റ് കിട്ടിയത്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 25, 11:26 am
Monday, 25th July 2022, 4:56 pm

നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായെത്തിയ മഹാവീര്യര്‍ തിയേറ്ററുകളില്‍ വിജയകരമായി തുടരുകയാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തിന് കിട്ടുന്നത്. എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലാല്‍, ലാലു അലക്‌സ് എന്നിവര്‍ അവരുടെ റോളുകള്‍ മനോഹരമായി കൈകാര്യം ചെയ്തു.

മല്ലിക സുകുമാരന്‍ മഹാവീര്യരില്‍ കലാദേവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ കോമഡി സീനുകള്‍ വളരെ രസകരമായാണ് മല്ലിക കൈകാര്യം ചെയ്തത്.

ചിത്രത്തില്‍ മല്ലിക സുകുമാരനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി ഇപ്പോള്‍. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എബ്രിഡ് ഷൈന് ഈ ക്യാരക്ടര്‍ മല്ലിക സുകുമാരന്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നല്ല രസമാണ് ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്യാനെന്നുമാണ് നിവിന്‍ പറഞ്ഞത്.

‘മഹാവീര്യരില്‍ ഞാനും മല്ലിക ചേച്ചിയും തമ്മിലുള്ള സീക്വന്‍സ് വളരെ ചിരിച്ച് ചെയ്തതാണ്. ഞാനും ചേച്ചിയും ഇതിനുമുമ്പേ ലവ് ആക്ഷന്‍ ഡ്രാമയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല രസമാണ് ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍. മഹാവീര്യറിലും ഭയങ്കര എന്‍ജോയ് ചെയ്താണ് ഞങ്ങള്‍ വര്‍ക്ക് ചെയ്തത്.

ചേച്ചിയുടെ പ്രസേന്റ്റേഷന്‍ ശൈലിയും ടൈമിങ്ങുമൊക്കെ നല്ല രസമാണ്. സ്വന്തമായ ശൈലിയില്‍ ചേച്ചി സീനുകള്‍ ചെയ്യുന്നത് കാണാന്‍ അടിപൊളിയാണ്. ഷൈന്‍ ചേട്ടന് (എബ്രിഡ് ഷൈന്‍ ) ഈ ക്യാരക്ടര്‍ മല്ലിക ചേച്ചി തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് ചേച്ചിയോട് സംസാരിക്കുന്നത്. ഭാഗ്യം കൊണ്ട് ചേച്ചിയുടെ ഡേറ്റ് കിട്ടി. ചേച്ചി നല്ല തിരക്കുള്ള ആര്‍ട്ടിസ്റ്റ് ആണല്ലോ. ഒരുപാട് സിനിമകള്‍ ചെയ്യുന്നത് കൊണ്ട് ഡേറ്റ് കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ ഭാഗ്യം കൊണ്ട് ചേച്ചി റെഡിയായി,’ നിവിന്‍ പോളി പറഞ്ഞു.

നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Nivin Pauly says that Abrid Shine insisted on doing that character Mallika Chechi, got Chechi’s date by luck