national news
നിതീഷ് കുമാര്‍ ബി.ജെ.പി സഖ്യം വിടുന്നു? ദല്‍ഹി യോഗത്തിലെ അസാന്നിധ്യം ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 29, 11:34 am
Friday, 29th April 2022, 5:04 pm

പട്‌ന:കേന്ദ്ര നിയമ മന്ത്രാലയം സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

നിയമമന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിച്ച് പുര്‍ണിയയിലെ എത്തനോള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പുതിയ സൂചനകളാണ് മുന്നോട്ടുവെക്കുന്നത്. ബി.ജെ.പിയുമായി നിതീഷ് അകലുന്നതിന്റെ സൂചനയാണ് കണ്ടുവരുന്നതെന്നാണ് സംഭവത്തെ വിലയിരുത്തുന്നത്.

ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ജനതാദള്‍ യുണൈറ്റഡ് ആലോചിക്കുന്നതിന്റെ മുന്നോടിയായാണ് നിതീഷിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷിനെ മാറ്റാന്‍ ബി.ജെ.പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് നിതീഷിനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതിനിടെ ആര്‍.ജെ.ഡിയുമായി നിതീഷ് കൂടുതല്‍ അടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി.ജെ.പിയുമായുള്ള നിതീഷിന്റെ ബന്ധത്തിന് വിള്ളല്‍ വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിനെ കൊണ്ടുവന്നെങ്കിലും അധികാരം നിയന്ത്രിച്ചത് ബി.ജെ.പിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും വരേണ്ടിയിരുന്നില്ലെന്ന് നിതീഷ് പലപ്പോഴും വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

 

Content  Highlights:  Nitish Kumar’s Absence At A Delhi Meet Fuels Talk Of Strain With Ally BJP