Entertainment
മോഹന്‍ലാലിന്റെ നായികയാകുന്നതിനേക്കാള്‍ കൂടുതല്‍ എനിക്ക് സന്തോഷമായത് മറ്റൊരു കാര്യം: നിത്യ മേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 02:44 am
Tuesday, 4th March 2025, 8:14 am

ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിത്യ മേനന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്.

നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികള്‍ കുടിചേര്‍ക്കണം. ഉസ്താദ് ഹോട്ടലിലെ സുലൈമാനിയില്‍ മുഹബത്ത് ചേരുന്നത് പോലുള്ള സുഖമാണപ്പോള്‍ –  നിത്യ മേനന്‍

മലയാളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി, ഉറുമി, ബാംഗ്ലൂര്‍ ഡേയ്‌സ് , 100 ഡേയ്‌സ് ഓഫ് ലൗ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിത്യ മേനന്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനന്‍. പഠിക്കുന്ന കാലത്താണ് തനിക്ക് സിനിമയിലേക്ക് അവസരങ്ങള്‍ വരുന്നതെന്നും എന്നാല്‍ അക്കാലത്ത് തനിക്ക് സിനിമയിലെ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും നിത്യ മേനന്‍ പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആകാശഗോപുരത്തിലേക്ക് ഓഫര്‍ വന്നതെന്നും എന്നാല്‍ നടിയാകണമെന്നല്ല ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹമെന്നും നിത്യ പറഞ്ഞു. ആകാശഗോപുരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നതിനേക്കാള്‍ ലണ്ടനില്‍ ഷൂട്ടിന് പോകാമെന്നതായിരുന്നു തന്റെ സന്തോഷമെന്നും നിത്യ മേനന്‍ കൂട്ടിച്ചേര്‍ത്തു.

‘പഠിക്കുന്ന കാലത്താണ് ആദ്യ സിനിമ അവസരം തേടിവന്നത്. അന്നെനിക്ക് സിനിമയിലോ അഭിനയത്തിലോ താത്പര്യമേ ഉണ്ടായിരുന്നില്ല. പക്ഷേ, നല്ല സിനിമകളുടെ ഭാഗമായി ഏതെങ്കിലുമൊക്കെ റോളില്‍ ഇവിടെയുണ്ടാകണം എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. പാട്ടും നിര്‍മാണവുമൊക്കെ അതിന്റെ ഭാഗമാണ്. സിനിമയുടെ മറ്റു മേഖലകളോടുള്ള ഈ താത്പര്യം സംവിധാനത്തോടും ഉണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആകാശഗോപുരത്തിലേക്ക് ഓഫര്‍ വന്നത്. നടിയാകണമെന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹം. അത്ര താത്പര്യമില്ലാതെ അഭിനയിച്ചത് കൊണ്ടാകും ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിങ്ങിനായി പോകാമെന്നതായിരുന്നു അന്നെന്റെ സന്തോഷം.

പിന്നെ, അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും ഇതു കൂടി ചെയ്തിട്ട് നിര്‍ത്തണം. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റില്‍ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയറെന്ന്. അത് സംഭവിച്ചിട്ട് കുറച്ച് വര്‍ഷമേ ആയുള്ളൂ. എപ്പോഴാണ് അതെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും.

അതുണ്ടാക്കിയ മാറ്റം എന്താണെന്നു പറയാം. കരിയറില്‍ ഇപ്പോള്‍ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളില്‍, പലതരം കഥാപാത്രങ്ങള്‍ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികള്‍ കുടിചേര്‍ക്കണം. ഉസ്താദ് ഹോട്ടലിലെ സുലൈമാനിയില്‍ മുഹബത്ത് ചേരുന്നത് പോലുള്ള സുഖമാണപ്പോള്‍,’ നിത്യ മേനന്‍ പറയുന്നു.

Content highlight: Nithya Menen  talks  about her first Movie