മുംബൈ: റോഡിലെ കുഴിയുടെ പേരില്‍ എന്‍ജിനീയറുടെ ദേഹത്ത് ചെളിയൊഴിച്ച കോണ്‍ഗ്രസ് എം.എല്‍.എ നിതേഷ് നാരായണ്‍ റാണേ അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യല്‍, കൃത്യ നിര്‍വഹണത്തിന് തടസ്സം നിക്കല്‍, പൊതുമുതല്‍ തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കൂടെയുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ മണ്ഡലമായ കന്‍കാവ്ലിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എം.എല്‍.എ റോഡിലെ കുഴികള്‍ കണ്ടത്. ഉടന്‍തന്നെ എന്‍ജിനീയറെ വിളിച്ചുവരുത്തി. അണികള്‍ നോക്കിനില്‍ക്കെ എന്‍ജിനീയറോടു മോശമായി സംസാരിച്ച നിതേഷ്, പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ മേല്‍ ചെളിവെള്ളം ഒഴിച്ചു. ഇതിനു പിന്നാലെ സമീപത്തെ പാലത്തില്‍ എന്‍ജിനീയറെ കെട്ടിയിട്ടു.
എന്‍ജിനീയറുടെ മേല്‍ ബക്കറ്റില്‍ ചെളിവെള്ളമൊഴിച്ച എം.എല്‍.എ നിതേഷ് നാരായണ്‍ റാണെ തന്നെയാണ് ഈ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്‍ജിനീയറെ റാണെ ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.. ജനങ്ങള്‍ ചെളിയില്‍ പുതയുന്നത് കാട്ടിത്തരാമെന്ന് പറഞ്ഞ് പ്രവര്‍ത്തകരോട് എന്‍ജിനീയറുടെ മേല്‍ ചെളിവാരിയെറിയാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
എം.എല്‍.എയുടെ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം മുംബൈയിലെ നഗരസഭാ ഉദ്യോഗസ്ഥനെ ബി.ജെ.പി എം.എല്‍.എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചത് ഏറെ വിവാദമായിരുന്നു. ഇയാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിപ്പറഞ്ഞു. അതിനു തൊട്ടുപിറകെയാണ് ഈ സംഭവം. സംഭവത്തെ അപലപിച്ച് സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതേഷ്. സ്വാഭിമാന്‍ സംഘടന എന്ന പേരില്‍ ഒരു സന്നദ്ധസംഘടന ഇദ്ദേഹം നടത്തുന്നുണ്ട്.