ആകാശിന്റെ റോളിലേക്ക് ജീവനെയോ അനുവിനെയോ വിളിക്കണോയെന്ന സംശയം വന്നിരുന്നു, ആ തീരുമാനം മാറ്റുകയായിരുന്നു: നിലീന്‍ സാന്‍ഡ്ര
Film News
ആകാശിന്റെ റോളിലേക്ക് ജീവനെയോ അനുവിനെയോ വിളിക്കണോയെന്ന സംശയം വന്നിരുന്നു, ആ തീരുമാനം മാറ്റുകയായിരുന്നു: നിലീന്‍ സാന്‍ഡ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th December 2022, 8:31 pm

കരിക്കിന്റെ ഏറ്റവും പുതിയ സീരിസായ സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ആകാശ്. പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത എബ്രഹാം വടക്കനാണ് ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എബ്രഹാമിനെ സീരിസിലേക്ക് തെരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് സീരിസിന്റെ എഴുത്തുകാരി നിലീന്‍ സാന്‍ഡ്ര. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആളെ കണ്ടെത്താനായി നേരിട്ട ബുദ്ധിമുട്ടുകളെ പറ്റി നിലീന്‍ പറഞ്ഞത്.

‘അനുവും ജീവനും അര്‍ജുനും ഉണ്ടാവില്ല എന്ന് നിഖിലേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് ആ സമയത്ത് വേറൊരു സ്‌ക്രിപ്റ്റിങ്ങിലിരിക്കേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളവരെ വെച്ച് നോക്കണം എന്നാണ് പറഞ്ഞത്. സാമര്‍ത്ഥ്യ ശാസ്ത്രം ഒരു മാസം കൊണ്ട് എഴുതിയ സ്‌ക്രിപ്റ്റ് ആണ്. ഇതിന് വേണ്ടി ഭയങ്കരമായി എഫേര്‍ട്ട് ഇട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ ഭയങ്കര കള്ളമാവും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നാം തീയതി ഷൂട്ട് തുടങ്ങണമെന്നാണ് നിഖിലേട്ടന്‍ പറഞ്ഞത്.

എവിടെയോ എഴുതി വന്നപ്പോള്‍ ശബരീഷിനെ വില്ലനാക്കാമെന്ന് വിചാരിച്ചു. ആകാശ് എന്ന കഥാപാത്രമാവാന്‍ ആരേയും കിട്ടിയില്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ ആ റോളിലേക്ക് അനുവിനെയോ ജീവനേയോ വിളിക്കണോയെന്ന് സംശയം വന്നു. പക്ഷേ പുതിയ ഒരാളെ തന്നെ വിളിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുകയാണ് ചെയ്തത്.

എബ്രഹാമിനെ ഓഡിഷനിലൂടെയാണ് കിട്ടിയത്. ആകാശ് എന്ന കഥാപാത്രത്തിലേക്ക് കുറച്ചാളുകളുടെ പേര് വന്നിരുന്നു. ശ്യാമിനോട് ആരോ പറഞ്ഞിട്ടാണ് എബ്രഹാമിനെ കിട്ടുന്നത്. ശബരീഷിന്റെ ബോഡി ലാംഗ്വേജിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാളെ എനിക്ക് നേരത്തെ ഇഷ്ടപ്പെട്ടിരുന്നു. അയാളെ എടുക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എബ്രഹാമിനെ നേരത്തെ തന്നെ വിളിച്ച് പോയി, നീ വെറുതെ അവന്റെ ഓഡിഷന്‍ ചെയ്യ് എന്ന് ശ്യാമിന്‍ പറഞ്ഞു. സീരിസിലെ അവസാനത്തെ അഞ്ച് മിനിട്ട് സീനാണ് എബ്രഹാമിനെക്കൊണ്ട് ഓഡിഷന്‍ ചെയ്യിപ്പിച്ച് നോക്കിയത്. ആ ഓഡിഷന്‍ വീഡിയോ അയച്ച മൊമെന്റില്‍ തന്നെ ഇയാള്‍ മതിയെന്ന് തീരുമാനിച്ചു.

ഇതിന് മുമ്പ് എബ്രഹാം ആവറേജ് അമ്പിളി എന്ന സീരിസില്‍ വളരെ ചെറിയ ഒരു റോള്‍ ചെയ്തിട്ടുണ്ട്. സെറ്റില്‍ നമ്മളെല്ലാവരും ഒരു ഫാമിലി പോലെയായിരുന്നു. അതുകൊണ്ട് ആക്ട് ചെയ്യുകയാണെന്ന ടെന്‍ഷനൊന്നും എബ്രഹാമിനോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല,’ നിലീന്‍ പറഞ്ഞു.

സീരിസിലെ കാസ്റ്റിങ്ങിനെ പറ്റിയും നിലീന്‍ സാന്‍ഡ്ര ഡൂള്‍ന്യൂസിനോട് സംസാരിച്ചു. ‘ആദ്യം പ്ലാന്‍ ചെയ്തത് അഞ്ച് കള്ളന്മാരുടെ കഥയായിരുന്നു. അപ്പോള്‍ കള്ളന്മാരുടെ കഥ വേണ്ട കുറച്ചുകൂടി നല്ല ആളുകളുടെ കഥ ചെയ്തോളാന്‍ നിഖിലേട്ടന്‍ പറഞ്ഞു. ഉണ്ണി ചേട്ടനെ വ്യത്യസ്തമായ ഒരു വേഷത്തില്‍ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കഥാപാത്രത്തെ ആദ്യം ഒരു പള്ളീലച്ചനായിട്ടാണ് എഴുതിയത്. പിന്നെ പള്ളീലച്ചന്‍ വേണ്ട എന്നൊരു തീരുമാനത്തിലേക്ക് എത്തിയതാണ്.

വേണു എന്ന കഥാപാത്രത്തെ കൃഷ്ണ ചന്ദ്രന് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൃഷ്ണ ചന്ദ്രനായിരുന്നു പേടി ഉണ്ടായിരുന്നത്. കാരണം ഇതുവരെ കോമഡി ആയിരുന്നു ചെയ്തിരുന്നത്, ഇത് ചെയ്തുകഴിഞ്ഞാല്‍ എങ്ങനെ ഉണ്ടാവും, ഈ കഥാപാത്രം ഭയങ്കര റൂഡാണല്ലോ എന്നൊക്കെ പറഞ്ഞ് അവന് പേടിയായിരുന്നു. പക്ഷേ പിന്നെ അത് നന്നായിട്ട് വരികയാണ് ചെയ്തത്. ബാക്കി കഥാപാത്രങ്ങളൊന്നും അത്ര വെല്ലുവിളിയാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നത് പോലെയുള്ള കഥാപാത്രങ്ങളാണ്,’ നിലീന്‍ പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Content Highlight: nileen sandra talks about the character of aakash in samarthya shasthram