അനു കെ. അനിയന്‍ സാമര്‍ത്ഥ്യ ശാസ്ത്രത്തിലേക്ക് വരില്ല എന്നറിയാമായിരുന്നു, അതിന് കാരണമുണ്ട്: നിലീന്‍ സാന്‍ഡ്ര
Entertainment
അനു കെ. അനിയന്‍ സാമര്‍ത്ഥ്യ ശാസ്ത്രത്തിലേക്ക് വരില്ല എന്നറിയാമായിരുന്നു, അതിന് കാരണമുണ്ട്: നിലീന്‍ സാന്‍ഡ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 8:39 am

അടുത്തിടെ കരിക്ക് ചാനലില്‍ നിന്നും പുറത്ത് വന്ന് ശ്രദ്ധ നേടിയ സീരിസാണ് സാമര്‍ത്ഥ്യ ശാസ്ത്രം. തങ്ങളെ പറ്റിച്ച തട്ടിപ്പുകാരനെ തേടി അഞ്ച് സാധാരണക്കാര്‍ നടത്തുന്ന യാത്രയില്‍ തുടങ്ങിയ സീരിസ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. സാധാരണ ഗതിയില്‍ കരിക്ക് പിന്തുടര്‍ന്നിരുന്ന കോമഡി ലൈന്‍ വിട്ട് അഭിനേതാക്കളുടെ പ്രകടനം സീരിയസ് മോഡിലേക്ക് മാറിയ സീരിസ് സംവിധാനം ചെയ്തത് ശ്യാമിന്‍ ഗിരീഷായിരുന്നു.

ശബരീഷ്, കൃഷ്ണ ചന്ദ്രന്‍, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ എന്നിങ്ങനെ കരിക്കിലെ പ്രമുഖ താരങ്ങള്‍ അഭിനയിച്ച സീരിസില്‍ അനു കെ. അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ എന്നിവര്‍ ഭാഗമാകാതിരുന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ തുടക്കം മുതല്‍ തന്നെ ഇവര്‍ ഇല്ലായിരുന്നു എന്ന് പറയുകയാണ് സീരിസിന്റെ എഴുത്തുകാരിയും പ്രധാന അഭിനേത്രിയുമായ നിലീന്‍ സാന്‍ഡ്ര. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിലീന്‍ സാമര്‍ത്ഥ്യ ശാസ്ത്രം ഒരുക്കിയതിന് പിന്നാലെ കഥകള്‍ പങ്കുവെച്ചത്.

‘അനുവും ജീവനും അര്‍ജുനും ഉണ്ടാവില്ല എന്ന് നിഖിലേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് ആ സമയത്ത് വേറൊരു സ്‌ക്രിപ്റ്റിങ്ങിലിരിക്കേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളവരെ വെച്ച് നോക്കണം എന്നാണ് പറഞ്ഞത്. സാമര്‍ത്ഥ്യ ശാസ്ത്രം ഒരു മാസം കൊണ്ട് എഴുതിയ സ്‌ക്രിപ്റ്റ് ആണ്. ഇതിന് വേണ്ടി ഭയങ്കരമായി എഫേര്‍ട്ട് ഇട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ ഭയങ്കര കള്ളമാവും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നാം തീയതി ഷൂട്ട് തുടങ്ങണമെന്നാണ് നിഖിലേട്ടന്‍ പറഞ്ഞത്.

ആദ്യം പ്ലാന്‍ ചെയ്തത് അഞ്ച് കള്ളന്മാരുടെ കഥയായിരുന്നു. അപ്പോള്‍ കള്ളന്മാരുടെ കഥ വേണ്ട കുറച്ചുകൂടി നല്ല ആളുകളുടെ കഥ ചെയ്തോളാന്‍ നിഖിലേട്ടന്‍ പറഞ്ഞു. ഉണ്ണി ചേട്ടനെ വ്യത്യസ്തമായ ഒരു വേഷത്തില്‍ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കഥാപാത്രത്തെ ആദ്യം ഒരു പള്ളീലച്ചനായിട്ടാണ് എഴുതിയത്. പിന്നെ പള്ളീലച്ചന്‍ വേണ്ട എന്നൊരു തീരുമാനത്തിലേക്ക് എത്തിയതാണ്.

വേണു എന്ന കഥാപാത്രത്തെ കൃഷ്ണ ചന്ദ്രന് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൃഷ്ണ ചന്ദ്രനായിരുന്നു പേടി ഉണ്ടായിരുന്നത്. കാരണം ഇതുവരെ കോമഡി ആയിരുന്നു ചെയ്തിരുന്നത്, ഇത് ചെയ്തുകഴിഞ്ഞാല്‍ എങ്ങനെ ഉണ്ടാവും, ഈ കഥാപാത്രം ഭയങ്കര റൂഡാണല്ലോ എന്നൊക്കെ പറഞ്ഞ് അവന് പേടിയായിരുന്നു. പക്ഷേ പിന്നെ അത് നന്നായിട്ട് വരികയാണ് ചെയ്തത്. ബാക്കി കഥാപാത്രങ്ങളൊന്നും അത്ര വെല്ലുവിളിയാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നത് പോലെയുള്ള കഥാപാത്രങ്ങളാണ്.

എവിടെയോ എഴുതി വന്നപ്പോള്‍ ശബരീഷിനെ വില്ലനാക്കാമെന്ന് വിചാരിച്ചു. ആകാശ് എന്ന കഥാപാത്രമാവാന്‍ ആരേയും കിട്ടിയില്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ ആ റോളിലേക്ക് അനുവിനെയോ ജീവനേയോ വിളിക്കണോയെന്ന് സംശയം വന്നു. പക്ഷേ പുതിയ ഒരാളെ തന്നെ വിളിക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുകയാണ് ചെയ്തത്,’ നിലീന്‍ പറഞ്ഞു.

കരിക്ക് ടീമിനൊപ്പം എത്തിയത് എങ്ങനെയാണെന്നും അഭിമുഖത്തില്‍ നിലീന്‍ സംസാരിച്ചിരുന്നു. ‘ആവാസവ്യൂഹം സിനിമയുടെ സംവിധായകന്‍ കൃഷാന്ത് സാര്‍ ഞാന്‍ പഠിച്ച തേവര എസ്.എച്ച് കോളേജിലെ ഫാക്വല്‍റ്റിയായിരുന്നു. അങ്ങനെ കൃഷാന്ത് സാറിനെ പരിചയമുണ്ട്. ആ പരിചയം വെച്ചാണ് ആവാസ വ്യൂഹത്തില്‍ അഭിനയിച്ചത്. കൃഷാന്ത് സാറിന് കരിക്കിലെ അര്‍ജുന്‍ രത്തനെ നേരത്തെ അറിയാം. കരിക്കില്‍ വരുന്നതിന് മുന്നേ അര്‍ജുനും ശ്യാമിനും കൃഷാന്ത് സാറും ഒന്നിച്ച് സീ ഫൈവിന് വേണ്ടി ഒരു വെബ് സീരിസ് ചെയ്തിട്ടുണ്ട്. ആ പരിചയത്തിലാണ് ശ്യാമിനെ പിന്നീട് നിഖിലേട്ടന്‍ (നിഖില്‍ പ്രസാദ് ) വിളിക്കുന്നത്,’ നിലീന്‍ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്റെ പൂര്‍ണ രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Content Highlight: Nileen Sandra says that anu, jeevan and arjun were not present in Samarthya Shastra from the beginning