പ്രാക്തന ആദിവാസി ഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ ജനസമൂഹത്തിലെ കുട്ടികളുടെ വിഭ്യാഭ്യാസത്തിനു വേണ്ടി സര്‍ക്കാര്‍ സ്ഥാപിച്ച ഒരു സ്‌കൂളും ഹോസ്റ്റലുമുണ്ട് കേരളത്തില്‍. എല്ലാ തരത്തിലും പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് നാളെകളിലേക്ക് മുന്നേറാനുള്ള ചവിട്ടുപടിയാണ് നിലമ്പൂര്‍ ഇന്ദിരാഗാന്ധി ആശ്രമം സ്‌കൂള്‍.
എന്നാല്‍ ഈ സ്‌കൂളില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. നമ്മുടെ ജാനാധിപത്യ, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലേയ്ക്ക് നീതിയുടെ ചോദ്യമുയര്‍ത്തുന്ന ഈ കുട്ടികള്‍ പറയുന്നത് കേള്‍ക്കുക.
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ ലൈംഗിക, ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത് ഡൂള്‍ന്യൂസ് പുറത്തു വിട്ടിരുന്നു. കുട്ടികളും രക്ഷിതാക്കളും ഞങ്ങളോട് പറഞ്ഞിട്ടുള്ള വിവരങ്ങളുടെ പൂര്‍ണ രൂപമാണ് ഈ വീഡിയോയില്‍.
വിവിധ ആദിവാസി കോളനികളില്‍ നിന്നുള്ള 504 കുട്ടികളാണ് ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ പഠിക്കുന്നത്. അധ്യാപകര്‍ കോളനികളുടെ പേരുപറഞ്ഞ് കുട്ടികളെ ക്ലാസ് റൂമുകളില്‍ അധിക്ഷേപിക്കുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു. “നിങ്ങളൊന്നും പഠിച്ചിട്ടു ഒരു കാര്യവുമില്ല, വീട്ടില്‍പോയി വല്ല പണിയും ചെയ്തു ജീവിച്ചോ” എന്നാണ് പ്രധാനാധ്യാപിക സൗദാമിനി ഒരിക്കല്‍ പറഞ്ഞതെന്ന് പ്ലസ് വണ്ണിനു പഠിക്കുന്ന പെണ്‍കുട്ടി പറയുന്നു. അധ്യാപകനായ പ്രതോഷും ഇത് തന്നെ പറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. വംശീയമായുള്ള അധ്യാപകരുടെ അധിക്ഷേപം കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഒരു വിദ്യാര്‍ഥി പറഞ്ഞു.
ഹോസ്റ്റല്‍ മുറികള്‍ ഈ കുട്ടികള്‍ക്ക് പീഡന മുറികളാണ്. രാവിലെ എണീറ്റില്ലെങ്കില്‍ മുഖത്തു വെള്ളമൊഴിക്കുക, സ്‌കൂള്‍ വിട്ട് വന്നാല്‍ പൂട്ടിയിടുക, നിങ്ങള്‍ പ്രേമിക്കാനല്ലേ ആണ്‍കുട്ടികള്‍ക്കൊപ്പം പോകുന്നത് എന്ന് പറയുക, ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചാല്‍ മര്‍ദ്ദിക്കുക, സ്‌കൂള്‍ വിട്ടു വന്നു വസ്ത്രം മാറിയില്ലെങ്കില്‍ അടിക്കുക, കുട്ടികളെകൊണ്ട് ജോലിയെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ ചെയ്യുന്നതെന്ന് കുട്ടികള്‍ പറയുന്നു. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഈ കുട്ടികള്‍ അവിടെ കഴിയുന്നത്. അണ്‍കുട്ടികളുടെ ഹോസ്റ്റലും വ്യത്യസ്തമല്ല. വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും പരാതിയുണ്ട്.
പ്ലസ് വന്‍ വിദ്യര്‍ഥി സതീഷിന്റെ മരണത്തിനു ശേഷം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ല എന്ന് രക്ഷിതാക്കള്‍ പറയുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പറഞ്ഞത് അവിടെ ഞങ്ങളെ കൊല്ലാനാണ് പരിപാടി എന്നാണ്. കുട്ടികളെ മര്‍ദ്ദിക്കുന്ന അധ്യാപകരും സ്റ്റാഫുകളും സ്‌കൂളില്‍ വേണ്ട എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അധ്യാപകരുടയേും ഹോസ്റ്റല്‍ നടത്തിപ്പുകാരുടേയും അനാസ്ഥ മൂലം വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന കുട്ടിയുടെ അച്ഛന്‍ പറഞ്ഞത് കുട്ടിക്ക് അസുഖമുള്ള വിവരം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടില്ല എന്നാണ്. ഇത് തന്നെയാണ് മറ്റു രക്ഷിതാക്കളും പറയുന്നത്, കുട്ടികള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അത് വീടുകളില്‍ അറിയിക്കുന്നില്ല എന്ന്. കുട്ടികള്‍ സ്റ്റൈലില്‍ മുടി വെട്ടുകയോ മറ്റേ ചെയ്താലാണ് അധ്യാപകര്‍ വീട്ടിലേയ്ക്ക് വിളിച്ചു പറയുക എന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ എന്ന അധ്യാപകന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും അനില്‍കുമാര്‍, ഹാരിസ്, പ്രജീഷ്, ബേസില്‍ എന്നീ അധ്യാപകര്‍ ശാരീരികമായി മര്‍ദ്ദിക്കുന്നുണ്ടെന്നും കുട്ടികള്‍ പറയുന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പറയാനുള്ളത് ഉണ്ണികൃഷ്ണന്‍ എന്ന അധ്യാപകന്റെ ലൈംഗിക വൈകൃതത്തെ കുറിച്ചാണ്. ഉണ്ണികൃഷ്ണന്‍ പുറത്തൂടെ കയ്യിട്ടു വന്നപ്പോള്‍ കൈ തട്ടിമാറ്റിയെന്നും ഇതിന്റെ പകയില്‍ പുറത്തടിച്ചെന്നും പ്ലസ് വണ്‍ വിദ്യാര്‍ഥി പറയുന്നു.
ഇദ്ദേഹം കൈ ചുരുട്ടി കുനിച്ചു നിര്‍ത്തി പുറത്തിടിക്കുമെന്നും ആണ്‍കുട്ടികള്‍ പറഞ്ഞു. അനില്‍കുമാര്‍ എന്ന അധ്യാപകന്‍ അടിച്ചു തുട പൊട്ടിച്ചതായി ഒരു വിദ്യാര്‍ഥി പറയുന്നു. കുട്ടികളെ ദ്രോഹിക്കുന്ന എല്ലാ അധ്യാപകരേയും ഹോസ്റ്റല്‍ ജീവനക്കാരേയും മാറ്റണമെന്നാണ് കുട്ടികളുടേയും ആവശ്യം.