തമിഴ്‌നാട്ടില്‍ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞത് കണ്ട് ആ സെറ്റിലുള്ളവര്‍ അത്ഭുതപ്പെട്ടു: നിഖില വിമല്‍
Entertainment
തമിഴ്‌നാട്ടില്‍ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞത് കണ്ട് ആ സെറ്റിലുള്ളവര്‍ അത്ഭുതപ്പെട്ടു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 8:59 pm

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്.

ലവ് 24×7ന് ശേഷം തമിഴില്‍ നിരവധി സിനിമകള്‍ നിഖില ചെയ്തിരുന്നു. കിടാരി, വെട്രിവേല്‍ എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നിഖില നേടി. 2018ല്‍ റിലീസായ അരവിന്ദന്റെ അതിഥികളിലൂടെയാണ് നിഖില മലയാളത്തില്‍ വീണ്ടും സജീവമായത്. ചിത്രത്തിന്റെ ഷൂട്ടിനായി കുംഭകോണത്ത് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍.

താന്‍ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്ന് നിഖില പറഞ്ഞു. കേരളത്തില്‍ പോലും തന്നെ അധികമാര്‍ക്കും അറിയില്ലായിരുന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുംഭകോണത്ത് ഷൂട്ടിനെത്തിയപ്പോള്‍ തന്നെ കാണാന്‍ വേണ്ടി മാത്രം ഒരുപാടാളുകള്‍ വന്നുവെന്നും സെറ്റിലെ എല്ലാവരും അത് കണ്ട് അത്ഭുതപ്പെട്ടുവെന്നും നിഖില പറഞ്ഞു. ലിറ്റില്‍ ടോക്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

‘വെട്രിവേല്‍ എന്ന സിനിമയിലെ ‘ഉന്നൈപ്പോലെ ഒരുത്തന്‍’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. തമിഴ്‌നാട്ടില്‍ എവിടെ ചെന്നാലും ആ സിനിമയെക്കുറിച്ച് ആളുകള്‍ ചോദിക്കുമായിരുന്നു. മലയാളത്തിലേക്ക് റീ എന്‍ട്രി നടത്തിയത് കിടാരി, വെട്രിവേല്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ്. കേരളത്തില്‍ ആ സമയത്ത് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. അരവിന്ദന്റെ അതിഥികളില്‍ അഭിനയിക്കുന്ന സമയത്ത് ആ സെറ്റിലുള്ളവര്‍ക്ക് ഞാന്‍ കുറച്ച് തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു.

കുംഭകോണത്ത് ഷൂട്ടിന് എത്തിയപ്പോള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ഒരുപാടാളുകള്‍ വന്നു. ആ സിനിമയുടെ ക്രൂവിലുള്ളവര്‍ എന്നോട് ആദ്യം ആ ക്രൗഡിനെ കണ്ടിട്ട് വരാന്‍ പറഞ്ഞു. ഷൂട്ടിനിടക്ക് ‘നീ ഇവിടെ ഇത്ര ഫേമസാണോ’ എന്ന് സെറ്റിലുള്ളവര്‍ ചോദിച്ചു. ഞാന്‍ അത്ര ഫേമസല്ല, ആ സിനിമയിലെ പാട്ട് ഫേമസായതുകൊണ്ടാണ് ഇത്രയും ആളുകള്‍ എന്നെ കാണാന്‍ വന്നതെന്ന് അവര്‍ക്ക് മറുപടി കൊടുത്തു,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal shares the shooting experience of Aravindante Athidhikal movie