കേന്ദ്ര സർക്കാർ ഇടപെടുന്നില്ല; നൈജീരിയയിൽ കുടുങ്ങി 200 മലയാളികൾ
Pravasi
കേന്ദ്ര സർക്കാർ ഇടപെടുന്നില്ല; നൈജീരിയയിൽ കുടുങ്ങി 200 മലയാളികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 10:32 am

ന്യൂദൽഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കയിലെ നൈജീരിയയിൽ കുടുങ്ങി ആയിരക്കണക്കിന് ഇന്ത്യക്കാർ. ഇവരിൽ 200 മലയാളികളും ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ ആഫ്രിക്കൻ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി ഇടപെടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇവർ പ്രതിഷേധവും നടത്തിയിരുന്നു. ‌

മലയാളികൾ ഇടപെട്ട് നാട്ടിലേക്ക് മടങ്ങാൻ ചാർട്ടേഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നൈജീരിയയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികൾ പറയുന്നത്. ടെസ്റ്റിങ്ങും കേസ് റിപ്പോർട്ട് ചെയ്യുന്നതും നൈജീരിയയിൽ കുറവാണെന്നും ഇവർ പറയുന്നു.

നൈജീരിയയിൽ ലോക്ക് ഡൗണുണ്ടെങ്കിലും ആളുകൾ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൃത്യമായി പാലിക്കാത്തത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഇവിടെ കുടുങ്ങിയ മലയാളികൾ പറയുന്നു.

ഇതിനോടകം 20 ഇന്ത്യക്കാർക്ക് നൈജീരിയയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരീബിയൻ രാജ്യമായ ഹെയ്തിയിലും മലയാളികളടക്കം നാൽപതോളം പേർ കുടുങ്ങി കിടപ്പുണ്ട്. കഴിഞ്ഞ ദിവസം ആഫ്രിക്കയിൽ രോ​ഗം തടയാൻ ആയില്ലെങ്കിൽ രണ്ട് ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക