പരിക്കിന്റെ പിടിയിലകപ്പെട്ട് വിശ്രമത്തില്‍ കഴിയുന്ന പി.എസ്.ജിയുടെ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ നെയ്മറിന് സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കിന് പിന്നാലെ താരത്തിന് മൂന്ന് മുതല്‍ നാല് മാസം വരെ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നേക്കും.
നെയ്മറിനെ വരും ദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് പി.എസ്.ജി സ്ഥിരീകരിച്ചതായി ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയക്കായി താരം ദോഹയിലേക്ക് പോകും.
പരിക്കിന്റെയും ശസ്ത്രക്രിയയുടെയും വാര്‍ത്ത നെയ്മര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. I’ll come back stronger എന്നെഴുതി ഹൈ ഫൈവ് ഇമോജിക്കൊപ്പമാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
പരിക്ക് പൂര്‍ണമായ ശേഷം എത്രയും പെട്ടെന്ന് തന്നെ കളിക്കളത്തിലേക്ക് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തണമെന്നും ടീമിന് താങ്കളെ ആവശ്യമുണ്ടെന്നും ആരാധകര്‍ പറയുന്നു.
ഫെബ്രുവരി 19ന് ലില്ലെക്കെതിരായ മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ച് നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷമായിരുന്നു താരത്തിന് പരിക്കേറ്റത്.
നെയ്മറിന്റെ ഗോളിന് പുറമെ എംബാപ്പെയുടെ ഇരട്ട ഗോളും മെസി നേടിയ ഗോളുമായിരുന്നു മൂന്നിനെതിരെ നാല് ഗോളിന് പി.എസ്.ജിയെ വിജയത്തിലേക്കെത്തിച്ചത്.
നിലവില്‍, രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയെക്കാളും എട്ട് പോയിന്റ് വ്യത്യാസത്തില്‍ പി.എസ്.ജി ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 26 മത്സരത്തില്‍ നിന്നും 20 ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമായി 63 പോയിന്റാണ് പി.എസ്.ജിക്കുള്ളത്.
ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ ബയേണിനെയാണ് പി.എസ്.ജിക്ക് നേരിടാനുള്ളത്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അല്ലിയന്‍സ് അരീനയിലാണ് മത്സരം.