നെയ്മര്‍ക്ക് ഉടന്‍ കളത്തിലേക്ക് മടങ്ങാനാകുമോ? വിശദീകരണം നല്‍കി ഖത്തറില്‍ താരത്തിന്റെ സര്‍ജറി നടത്തിയ ഡോക്ടര്‍
Football
നെയ്മര്‍ക്ക് ഉടന്‍ കളത്തിലേക്ക് മടങ്ങാനാകുമോ? വിശദീകരണം നല്‍കി ഖത്തറില്‍ താരത്തിന്റെ സര്‍ജറി നടത്തിയ ഡോക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th March 2023, 3:37 pm

 

ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തിലാണ് പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം നെയ്മറിന് പരിക്കേല്‍ക്കുന്നത്. കണങ്കാലിന് പരിക്കേറ്റ താരം സര്‍ജറിക്ക് വിധേയനാവുകയായിരുന്നു. തുടര്‍ന്ന് ഈ സീസണില്‍ നെയ്മറിന് കളിക്കാനാകില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.

ഇപ്പോള്‍ നെയ്മറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ സര്‍ജറി നടത്തിയ ആസ്‌പെറ്റാര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹക്കീം ചലാബി. സര്‍ജറി നന്നായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം സന്തോഷവാനായിരിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം ഫ്രാന്‍സിലെ ഒരു മാധ്യമത്തോട് പറഞ്ഞത്.

കുറച്ചു ദിവസം ഊന്നുവടിയുടെ സഹായത്തോടെ നടക്കേണ്ടി വരുമെങ്കിലും ഉടന്‍ തന്നെ താരത്തിന് നോര്‍മല്‍ സ്ഥിതിയിലേക്ക് തിരികെയെത്താമെന്നും ഡോക്ടര്‍ പറഞ്ഞു.

‘നെയ്മറിന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അദ്ദേഹം സുഖമായിരിക്കുന്നു. വിശ്രമത്തില്‍ കഴിയുന്നതിനാല്‍ കുറച്ച് ദിവസം നടക്കാന്‍ ഊന്നുവടിയുടെ സഹായം ആവശ്യമായി വരും. എന്നാലും പെട്ടെന്ന് തന്നെ താരത്തിന് പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും,’ ഡോക്ടര്‍ വ്യക്തമാക്കി.

2017ല്‍ ലോക റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് ആറ് സീസണിനിടെ നൂറിലധികം മത്സരങ്ങളാണ് പരിക്കിനെ തുടര്‍ന്ന് നഷ്ടമായത്. 2018ല്‍ 16 കളികളും 2019ല്‍ 18ഉം 2022ല്‍ 13 കളികളും നെയ്മര്‍ക്ക് നഷ്ടമായി.

ഈ സീസണില്‍ പി.എസ്.ജിക്കായി 13 ഗോളും 11 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്. അതേസമയം, പി.എസ്.ജിയിലേക്കുള്ള നെയ്മറിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Content Highlights: Neymar’s doctor updates his health related things