ലീഗ് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയത്. പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെ ക്ലബ്ബില്‍ സംഘര്‍ഷഭരിതമായ സാഹചര്യം ഉടലെടുക്കുകയും തുടര്‍ന്ന് താരം പാരീസ് വിടാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും പി.എസ്.ജി വിടാനുണ്ടായ കാരണം താരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അല്‍ ഹിലാലിലെത്തിയതിന് ശേഷം പി.എസ്.ജിയില്‍ താന്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെ കുറിച്ച് ആദ്യമായി മനസുതുറന്നിരിക്കുകയാണ് നെയ്മര്‍.
ഒ ഗ്ലോബോക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കും മെസിക്കും പി.എസ്.ജി നരകമായിരുന്നുവെന്നാണ് നെയ്മര്‍ പറഞ്ഞത്. തങ്ങളുടെ പരമാവധി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും അസ്വസ്ഥരായാണ് അവിടെ കഴിഞ്ഞതെന്നും നെയ്മര്‍ പറഞ്ഞു.
‘ഞങ്ങള്‍ പി.എസ്.ജിയില്‍ അസ്വസ്ഥരായിരുന്നു. ഞങ്ങളവിടെ വെറുതെയിരിക്കുകയായിരുന്നില്ല. ഞങ്ങളുടെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചാമ്പ്യന്മാരാകാനും ചരിത്രം സൃഷ്ടിക്കാനും പരിശ്രമിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനായില്ല,’ നെയ്മര്‍ പറഞ്ഞു.
ലയണല്‍ മെസിക്ക് പി.എസ്.ജി വിടേണ്ടി വന്ന സാഹചര്യം അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ ആയിരുന്നില്ലെന്നും അദ്ദേഹം പരമാവധി പ്രയത്‌നിച്ചിട്ടും പാരീസിയന്‍സ് വിമര്‍ശിക്കുകയായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു.
‘ഫുട്ബോളില്‍ സംസാരിക്കുകയാണെങ്കില്‍ മെസിക്ക് പി.എസ്.ജി വിടേണ്ടി വന്ന സാഹചര്യം അദ്ദേഹം ഒരിക്കലും അര്‍ഹിക്കുന്നില്ല. നന്നായി പരിശീലനം നടത്തുന്ന, ഫൈറ്റ് ചെയ്യുന്ന, തോല്‍വി വഴങ്ങേണ്ടി വരുമ്പോള്‍ ദേഷ്യപ്പെടുന്ന വ്യക്തിയാണ് മെസി.
അത് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി.എസ്.ജിയില്‍ മെസിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം ലോക ചാമ്പ്യനായപ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചിരുന്നു. സോക്കര്‍ ഇത്തവണ മനോഹരമായിരുന്നു. ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ മെസി അര്‍ഹനാണ്,’ നെയ്മര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ മാസം നെയ്മറെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ജയന്റ്‌സായ മുംബൈ സിറ്റിക്കെതിരെ കളിക്കാന്‍ നെയ്മറും അല്‍ ഹിലാലും ഇന്ത്യന്‍ മണ്ണിലെത്തുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ അല്‍ ഹിലാലും മുംബൈയും ഒരു ഗ്രൂപ്പില്‍ വന്നതോടെയാണ് നെയ്മര്‍ ഇന്ത്യയിലെത്താനുള്ള സാധ്യതകള്‍ സജീവമായത്.