പി.എസ്.ജി സൂപ്പര്‍ താരവും ബ്രസീല്‍ ഇന്റര്‍നാഷണലുമായ നെയ്മര്‍ ജൂനിയറിന് അഞ്ച് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2013ല്‍ സാന്റോസില്‍ നിന്നും ബാഴ്‌സലോണയിലേക്ക് മാറിയതിന് പിന്നാലെയാണ് താരത്തിനെതിരെ അഴിമതിക്കും വഞ്ചനക്കും കേസ് വരുന്നത്. ബ്രസീല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച താരം സ്‌പെയ്‌നില്‍ വിചാരണ നേരിടുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെയ്മര്‍ സാന്റോസിലായിരുന്നപ്പോള്‍ താരത്തിന്റെ 40 ശതമാനവും സ്വന്തമാക്കിയത് നിക്ഷേപ സ്ഥാപനമായിരുന്ന ഡി.ഐ.എസ് ആയിരുന്നു. എന്നാല്‍ സാന്റോസില്‍ നിന്നും ബാഴ്‌സയിലേക്ക് താരമെത്തിയപ്പോള്‍ നല്‍കിയ 57.1 മില്യണ്‍ യൂറോയില്‍ നിന്നും വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ഡി.ഐ.എസിന്റെ വാദം.
57.1 മില്യണിന്റെ 40 ശതമാനമായിരുന്നു തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതില്‍ 40 മില്യണ്‍ നേരിട്ട് നെയ്മറിന്റെ കുടുംബത്തിലേക്കാണ് പോയതെന്നും ഡി.ഐ.സ് ആരോപിക്കുന്നു. ശേഷിക്കുന്ന 17.1 മില്യണ്‍ യൂറോയുടെ 40 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കാണിച്ചായിരുന്നു ഡി.ഐ.എസ് നിയമ പോരാട്ടിത്തിനൊരുങ്ങിയത്.
തങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ തുക ലഭിക്കണമെന്നാണ് ഡി.ഐ.എസ് ആവശ്യപ്പെടുന്നത്.
‘നെയ്മറിനെ ഉയര്‍ന്ന തുകക്കല്ല അവര്‍ കൈമാറ്റം ചെയ്തത്. 60 മില്യണ്‍ യൂറോ വരെ വാഗ്ദാനം ചെയ്ത ക്ലബ്ബുകള്‍ ഉണ്ടായിരുന്നു,’ ഡി.ഐ.എസിന്റെ അഭിഭാഷകന്‍ പറയുന്നു.
എന്നാല്‍ താന്‍ ഏത് ക്ലബ്ബില്‍ കളിക്കണമെന്നത് നെയ്മറിന്റെ നിയമപരമായ അവകാശമാണെന്ന് നെയ്മറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
‘ഒരു ക്ലബ്ബില്‍ നിന്നും മറ്റൊന്നിലേക്ക് പോകുന്നത് കളിക്കാരന്റെ താത്പര്യമനുസരിച്ചാണ്. ഫ്രീ കോമ്പറ്റീഷന്‍ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. കളിക്കാരന്‍ എന്തെങ്കിലും തരത്തിലുള്ള ചരക്കോ വസ്തുവോ സേവനമോ അല്ല. അയാള്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുള്ള ഒരു മനുഷ്യനാണ്,’ നെയ്മറിന്റെ അഭിഭാഷകന്‍ പറയുന്നു.
സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ നെയ്മറിന് രണ്ട് വര്‍ഷം തടവും പത്ത് മില്യണ്‍ യൂറോ പിഴയുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം നെയ്മറിനെ തടവിന് വിധിക്കണമെന്നാണ് ഡി.ഐ.എസിന്റെ വാദം.
നെയ്മറിനൊപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളും മുന്‍ ബാഴ്‌സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബര്‍താമ്യു, സാന്ദ്രോ റോസല്‍ എന്നിവരും വിചാരണക്ക് വിധേയരാകണമെന്നും സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ അന്നത്തെ സാന്റോസ് പ്രസിഡന്റായ ഒഡീലിയോ റോഡ്രിഗസും വിചാരണ നേരിടേണ്ടി വരും.
എന്നാല്‍ നെയ്മറിന്റെ കുടുംബത്തെ വിചാരണ ചെയ്യാന്‍ സ്പാനിഷ് കോടതികള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ബ്രസീലില്‍ വെച്ച് ബ്രസീലിയന്‍ പൗരന്‍മാരുമായിട്ടാണ് ഇടപാട് നടന്നതെന്നും നെയ്മര്‍ സ്‌പെയ്‌നിലേക്ക് പോയത് ഒരു കുറ്റമായി കാണാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.
Content highlight: Neymar may be jailed for the Barcelona transfer in 2013