തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ് അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തു.
സ്‌കൂള്‍ തുറന്നതിന് ശേഷം അധിക സമയം എടുത്തോ, അവധി ദിവങ്ങളില്‍ ക്ലാസെടുത്തോ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അവസാന വര്‍ഷ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ നടത്താമെന്നും സമിതി നിരീക്ഷിക്കുന്നു.
വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ഉപകാരപ്രദമായോ എന്നറിയാന്‍ വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിക്കണം എന്നും സമിതി നിര്‍ദേശിച്ചു. ഇതിന് പരീക്ഷയെ ആശ്രയിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം.
പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികള്‍ക്ക് നല്‍കുന്ന വര്‍ക്ക് ഷീറ്റുകള്‍ പരീക്ഷാ കേന്ദ്രിതമായിരിക്കണം. സ്‌കൂള്‍ തുറന്നാലും ഫസ്റ്റ് ബെല്ലിലൂടെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അധ്യാപകര്‍ റിവിഷന്‍ നടത്തണം.
സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ അധ്യാപകര്‍ സ്‌കൂളുകളിലെത്തണമെന്നും സമിതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ തീരുമാന പ്രകാരം പൊതു പരീക്ഷ നടക്കുന്ന പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി സംശയനിവാരണം നടത്താന്‍ അവസരമൊരുക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധ സമിതി ആവശ്യപ്പടുന്നു. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് കൈമാറും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: News instructions released for school education out in kerala