വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ വീണ്ടും ശബ്ദമുയര്‍ത്തി ഹന രോഹിതി മൈപി ക്ലാര്‍ക്കെ എം.പി. ബ്രിട്ടീഷ് ക്രൗണ്‍-മാവോരി ഉടമ്പടിയുമായി ബന്ധപ്പെട്ട ബില്‍ കീറിയെറിഞ്ഞാണ് ക്ലാര്‍ക്കെ പ്രതിഷേധിച്ചത്.
സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി ഹക്ക നൃത്തം ചെയ്തുകൊണ്ടായിരുന്നു എം.പിയുടെ പ്രതിഷേധം.
ഇതിനുമുമ്പും പാര്‍ലമെന്റില്‍ ഹക്ക നൃത്തം ചെയ്തുകൊണ്ടുള്ള ക്ലാര്‍ക്കെയുടെ പ്രസംഗം ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയെന്ന പദവിയും ഹന രോഹിതിയ്ക്ക് ഉണ്ട്. മാവോരി ഗോത്രവര്‍ഗ പ്രതിനിധിയാണ് ഹന രോഹിതി ക്ലാര്‍ക്കെ.
ഭരണകൂടത്തിനെതിരായ ക്ലാര്‍ക്കെയുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് മറ്റു എം.പിമാരും കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങുകയുണ്ടായി. ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ക്ലാര്‍ക്കെയും എം.പിമാരും പ്രതിഷേധിച്ചത്.
ക്ലാര്‍ക്കെയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ജെറി ബ്രൗണ്‍ലി പാര്‍ലമെന്റ് സമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാരും മാവോരി വിഭാഗവും തമ്മിലുള്ള ബന്ധത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന 1840ലെ വൈതാങ്കി ഉടമ്പടിയില്‍, ബ്രിട്ടീഷുകാര്‍ക്ക് ഭരണം വിട്ടുകൊടുത്തതിന് പകരമായി ഗോത്രങ്ങള്‍ക്ക് അവരുടെ ഭൂമി നിലനിര്‍ത്താനും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവകാശം നല്‍കുന്നുണ്ട്.
എന്നാല്‍ ഈ അവകാശങ്ങള്‍ എല്ലാ ന്യൂസിലന്‍ഡുകാര്‍ക്കും ബാധകമെന്നാണ് എ.സി.ടി ന്യൂസിലന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. അതേസമയം ബില്ലിലെ ഉള്ളടക്കം വംശീയ വിദ്വേഷത്തിനും ഭരണഘടനാപരമായ പ്രക്ഷോഭത്തിനും ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തുടനീളമായി കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഹന രോഹിതി ക്ലാര്‍ക്കെ പാര്‍ലമെന്റില്‍ ബില്ലിനെതിരെ പ്രതിഷേധിച്ചത്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ് ഹന.
മവോരി എന്ന ഗോത്ര വിഭാഗം അനുവര്‍ത്തിക്കുന്ന പ്രത്യേക നൃത്തരൂപമാണ് ഹക്ക. യുദ്ധത്തിന് മുന്നോടിയായി ഹക്ക അവതരിപ്പിച്ചില്ലെങ്കില്‍ യുദ്ധത്തിന്റെ വിജയത്തിന് വിപരീതഫലമുണ്ടാകുമെന്നാണ് മവോരി ജനതയുടെ വിശ്വാസം. എന്തിനും തയ്യാറാണെന്ന് എതിരാളികളെ അറിയിക്കുക കൂടിയാണ് ഹാക്കയുടെ ലക്ഷ്യം.
പാര്‍ലമെന്റിലെ തന്റെ തന്റെ കന്നി പ്രസംഗത്തില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ‘ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മരിക്കും, പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കും’ എന്ന് ഹക്കയിലൂടെ ഹന പ്രഖ്യാപിച്ചിരുന്നു.
Content Highlight: New Zealand’s Youngest MP Performs Haka Dance in Parliament Protest