ക്രൈസ്റ്റ്ചര്‍ച്ച്: വെള്ളിയാഴ്ച രണ്ട് മുസ്‌ലിം പള്ളികളില്‍ ആക്രമണം നടത്തുന്നതിന് ഒമ്പത് മിനുട്ട് മുന്‍പ് താനടക്കം 30 പേര്‍ക്ക് അക്രമിയായ ബ്രെന്റണ്‍ ടാരന്റ് ആയാളുടെ മാനിഫെസ്റ്റോ അയച്ച് തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡണ്‍.
ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് ഇമെയില്‍ സന്ദേശമെന്നും രണ്ട് മിനുട്ടിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിരുന്നുവെന്നും ജെസിന്‍ഡ ആര്‍ഡണ്‍ ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് മുതല്‍ ബന്ധുക്കള്‍ക്ക് കൊടുത്ത് തുടങ്ങുമെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും ആര്‍ഡണ്‍ പറഞ്ഞു.
“മഹത്തായ പുനസ്ഥാപനം” എന്ന തലക്കെട്ടിലുള്ള മാനിഫെസ്റ്റോ ബ്രെന്റണ്‍ ടാരന്റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്റ്റോയില്‍ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി തുടങ്ങി എവിടെ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്.