റഫാല്‍ ഇടപാടില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍; കൈക്കൂലി നല്‍കിയത് അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ അനങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്
Rafale Deal
റഫാല്‍ ഇടപാടില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍; കൈക്കൂലി നല്‍കിയത് അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ അനങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 4:10 pm

പാരീസ്: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാരന് 65 കോടിയുടെ കൈക്കൂലി കിട്ടിയതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈക്കൂലി നല്‍കിയത് സംഭവിച്ച വിവരങ്ങള്‍ 2018 ല്‍ തന്നെ ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോള്‍ട്ട് ഏവിയേഷന്‍ ഉപയോഗിച്ചത്.

ഇന്ത്യ 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടത്.

7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസോള്‍ട്ടില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ് ആസ്ഥാനമായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്.

ഐ.ടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി.

ഈ വിവരം സി.ബി.ഐക്ക് ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സി.ബി.ഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞപ്പോള്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അര്‍ധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New Rafale Jolt: Report Claims “CBI Decided Not To Investigate” Kickbacks