ടെൽ അവീവ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്ക് ഇസ്രഈലി സൈനിക സേവനത്തിൽ നിന്ന് നൽകിയ ഇളവ് അവസാനിപ്പിക്കാൻ വഴി കണ്ടെത്തുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
‘തീവ്ര ഓർത്തഡോക്സ് ആളുകളെ ഐ.ഡി.എഫിലേക്കും (ഇസ്രഈൽ പ്രതിരോധ സേന) ദേശീയ സിവിൽ സർവീസിലേക്കും നിർബന്ധമായും എത്തിക്കുന്നതിന് ഞങ്ങൾ മാർഗങ്ങൾ നിർണയിക്കും.
ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വഴികൾ കണ്ടെത്തുകയും ചെയ്യും,’ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.
തീവ്ര ഓർത്തഡോക്സ് വിഭാഗത്തെ ഇസ്രഈൽ സേനയിൽ എത്തിക്കുന്നതിന് സർക്കാർ ഒരു ധാരണയിൽ എത്തിയില്ലെങ്കിൽ അവർക്ക് ഇളവുകൾ അനുവദിക്കുന്ന നിയമം റദ്ദാക്കുമെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ ഗാലന്റ് പ്രതിജ്ഞയെടുത്തിരുന്നു.
‘ജൂത വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കുന്നതിനായി ജീവിതം സമർപ്പിച്ചവരെ ഞങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ അതോടൊപ്പം ഭൗതികമായ നിലനിൽപ്പില്ലാതെ ആത്മീയമായ നിലനിൽപ്പുമില്ല,’ യോവ ഗാലന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.
സൈനിക സേവനത്തിന്റെ ഭാരം ഇസ്രഈലി സമൂഹത്തിലുടനീളം പങ്കിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി തീവ്ര ഓർത്തഡോക്സ് വിഭാഗത്തിലെ പുരുഷന്മാരെ സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം 2018 ഇസ്രഈൽ സുപ്രീം കോടതി അസാധുവാക്കിയിരുന്നു.
അതേസമയം തീവ്ര ഓർത്തഡോക്സ് വിഭാഗത്തിനുമേലുള്ള സൈനിക സേവനത്തിന് സർക്കാർ പുറപ്പെടുവിച്ച സ്റ്റേ മാർച്ചിൽ അവസാനിക്കുകയാണ്. ഒരു പുതിയ ക്രമീകരണം കൊണ്ടുവരുന്നതിൽ പാർലമെന്റ് പരാജയപ്പെട്ടിരുന്നു.
തീവ്ര വലതുപക്ഷ ദേശീയ പാർട്ടികൾക്കൊപ്പം തീവ്ര ഓർത്തഡോക്സ് പാർട്ടികളും പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടുന്നതിന് നെതന്യാഹുവിനെ സഹായിച്ചിരുന്നു.