രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണം; ശിവസേനയ്ക്ക് മുന്നില്‍ 50:50 ഫോര്‍മുല മുന്നോട്ട് വെച്ച് എന്‍.സി.പി
India
രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണം; ശിവസേനയ്ക്ക് മുന്നില്‍ 50:50 ഫോര്‍മുല മുന്നോട്ട് വെച്ച് എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 1:53 pm

ന്യൂദല്‍ഹി: എന്‍.സി.പി- ശിവസേന ചര്‍ച്ചയില്‍ 50:50 ഫോര്‍മുല മുന്നോട്ട് വെച്ച് എന്‍.സി.പി. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കണമെങ്കില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് ലഭിക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ബി.ജെ.പിയോട് ശിവസേന ആവശ്യപ്പെട്ട അതേകരാര്‍ ഇത്തവണ ശിവസേനയുമായി ഉണ്ടാക്കാനാണ് എന്‍.സി.പി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 50:50 ഫോര്‍മുല പാര്‍ട്ടി മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ സോണിയാ ഗാന്ധി എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എം.എല്‍.എമാര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഹമ്മദ് പട്ടേലും ഇന്ന് എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി പവാര്‍ രംഗത്തെത്തിയിരുന്നു. പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്നു രാവിലെ മുംബൈയിലേക്കു പോകാനിരുന്ന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കിയതായിരുന്നു പവാറിനെ ചൊടിപ്പിച്ചത്.

മാത്രമല്ല എന്‍.സി.പി-ശിവസേന സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ അതിന് താത്പര്യമില്ലെന്ന് എന്‍.സി.പി വൃത്തങ്ങള്‍ നിലപാടെടുത്തിരുന്നു.