ജയ് ശ്രീറാം വിളിച്ച് മാപ്പ് പറഞ്ഞ് നയന്‍താര, ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുറിപ്പ്
Entertainment
ജയ് ശ്രീറാം വിളിച്ച് മാപ്പ് പറഞ്ഞ് നയന്‍താര, ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 8:15 am

അന്നപൂരണി സിനിമ ഹൈന്ദവവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ജയ് ശ്രീറാം എന്നെഴുതിക്കൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്നപൂരണി എന്ന സിനിമ ചര്‍ച്ചാവിഷയമായതിനാല്‍ വളരെയധികം വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുക എന്നതിനെക്കാള്‍ നല്ല സിനിമ ആളുകള്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അന്നപൂരണി എന്ന സിനിമ ചെയ്തത്. എത്ര തടസ്സങ്ങള്‍ ഉണ്ടായാലും മനസുണ്ടെങ്കില്‍ ആഗ്രഹിച്ചത് നടത്തിയെടുക്കാം എന്ന സന്ദേശം ആളുകള്‍ക്ക് നല്‍കുക എന്നത് മാത്രമാണ് സിനിമയുടെ ഉദ്ദേശം.

ഒരു നല്ല സന്ദേശം ആളുകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ചെയ്ത സിനിമ ഞങ്ങള്‍ പോലുമറിയാതെ ചിലരുടെ മനസ് വേദനിപ്പിക്കാന്‍ ഇടയായെന്ന് ഞങ്ങള്‍ക്ക് മനസിലായി. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരത്തോടെ തിയേറ്ററുകളിലെത്തിയ സിനിമ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആരുടെയും വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശം എനിക്കോ എന്റെ ടീമിനോ ഉണ്ടായിരുന്നില്ല. അമ്പലങ്ങളില്‍ സ്ഥിരമായി പോവുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുന്ന ഒരു വിശ്വാസിയായ ഞാന്‍ യാതൊരു ദുരുദ്ദേശത്തോടെയും കൂടിയല്ല ഈ സിനിമ ചെയ്തത്. ആര്‍ക്കെങ്കിലും ആ സിനിമ കാരണം വേദനയുണ്ടായാല്‍ അതിന് ഞാന്‍ ഹൃദയത്തില്‍ നിന്ന് ക്ഷമ ചോദിക്കുന്നു.

അന്നപൂരണിയുടെ പിന്നിലുള്ള ഉദ്ദേശം ആളുകള്‍ക്ക് ഇന്‍സ്‌പെയര്‍ ചെയ്യുക എന്ന് മാത്രമാണ്. ആരെയും വേദനിപ്പിക്കലല്ല. 20 വര്‍ഷത്തെ എന്റെ സിനിമാജീവിതത്തിന് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. പോസിറ്റിവിറ്റി പരത്തുക, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക’ താരം കുറിപ്പ് അവസാനിപ്പിച്ചു.

https://www.instagram.com/p/C2QAYrwP69S/?utm_source=ig_web_copy_link

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തീവ്രവലതുപക്ഷ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അന്നപൂരണി എന്ന സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അഭിനേതാക്കളായ ജയ്, നയന്‍താര. സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കളായ പുനീത് ഗോയങ്ക, ജതിന്‍ സേത്തി, ആര്‍. രവീന്ദ്രന്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ മേധാവി മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ രമേഷ് സോളങ്കി എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അന്നപൂരണി എന്ന ബ്രാഹ്‌മണ യുവതി ഒരു മുസ്ലിം യുവാവിനെ പ്രണയിക്കുന്നതും, രാമന്‍ മാംസം കഴിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമാണ് ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിക്കുന്ന ഭാഗങ്ങള്‍. ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസംബര്‍ 29നാണ് ഓ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്.

Content Highlight: Nayanthara apologize for hurting the feelings of hindus in Annapoorani movie