national news
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് നവ്‌ജ്യോത് സിംഗ് സിദ്ധു; പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 30, 04:07 pm
Wednesday, 30th June 2021, 9:37 pm

ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധിയുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നവ്‌ജ്യോത് സിംഗ് സിദ്ധു പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് രാഹുലിനെയും കണ്ടത്.

പഞ്ചാബ് കോണ്‍ഗ്രസിലെ വിവിധ നിലപാടുകള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി സിദ്ധു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും സിദ്ധു വിമര്‍ശിച്ചിരുന്നു. അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിദ്ധു അഭിപ്രായ വ്യത്യാസം കാരണം 2019ലാണ് രാജിവെക്കുന്നത്.

അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നെങ്കിലും നേരത്തെ രാഹുല്‍ ഇക്കാര്യം നിഷേധിച്ചു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയെന്ന് നവ്‌ജ്യോത് സിംഗ് സിദ്ധു ട്വീറ്റ് ചെയ്യുന്നത്. പ്രിയങ്കയും സിദ്ധുവും നാല് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് രാഹുലിനെയും പ്രിയങ്കയെയും ഇന്ന് കാണുമെന്ന് സിദ്ധുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ആരുമായും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

അമരീന്ദര്‍ സിംഗുള്‍പ്പെടെയുള്ള നേതാക്കളുമായി നേരത്തെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Navjot Singh Sidhu reaches Rahul Gandhi’s house after meeting Priyanka Gandhi