ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. അമരീന്ദര്‍ കേന്ദ്രത്തിന്റെ കയ്യിലിരിക്കുന്ന തത്തയാണെന്നും, കേവലം രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു സിദ്ദു പറഞ്ഞത്.
പഞ്ചാബില്‍ വെച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ ചന്നി സര്‍ക്കാരിനെ പിന്തുണച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് സിദ്ദു ഇക്കാര്യം പറഞ്ഞത്.
‘കഴിഞ്ഞ കുറച്ചു ദിവസമായി സുരക്ഷാവീഴ്ചയെക്കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ ചില തത്തകള്‍ സുരക്ഷ, സുരക്ഷ, സുരക്ഷ എന്നിങ്ങനെ ചിലച്ചുകൊണ്ടിരിക്കുകയാണ്. അതിലെ പ്രധാന തത്ത മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ്,’ സിദ്ദു പറയുന്നു.
ബി.ജെ.പി കേവലം രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ തക്കതായ മറുപടി ലഭിക്കുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ രാഷ്ട്രപതിഭരണം വരണമെന്നാഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പിയുടെ തത്തകളാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് പഞ്ചാബില്‍ യാതൊരുവിധത്തിലുള്ള ശക്തിയുമില്ലെന്നും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്നും സിദ്ദു പറഞ്ഞു.
സിദ്ദുവിന് പുറമെ നിരവധിയാളുകളായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പഞ്ചാബില്‍ സംഭവിച്ചത് പ്രധാനമന്ത്രിക്ക് സിംപതി കിട്ടാനുള്ള തരംതാഴ്ന്ന നാടകമാണെന്നായിരുന്നു കര്‍ഷക നേതാവായ രാകേഷ് ടികായത് പറഞ്ഞത്.
‘പ്രധാനമന്ത്രി പഞ്ചാബില്‍ വരുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് എന്ത് ക്രമീകരണങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്? ഒരു പ്രശ്നവും കൂടാതെ അദ്ദേഹം തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ ഇത് മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ട്ത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവര്‍ത്തി മാത്രമാണ്,’ ടികായത് പറയുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാവിഴ്ചയുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഈ സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കരിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു.
തനിക്ക് ജീവനോടെ പോകാന്‍ സാധിച്ചതില്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു എന്നായിരുന്നു വിഷയത്തില്‍ മോദിയുടെ പ്രതികരണം. മോദിയെ കൂടാതെ അമിത് ഷാ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുനില്‍ ജക്കാര്‍ തുടങ്ങിയവരും സുരക്ഷാവീഴ്ചയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറയുന്നത്.
‘ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്,’ ചന്നി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ ജനങ്ങളാരും പങ്കെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായാണ് ബി.ജെ.പി സുരക്ഷാവിഴ്ചയെന്ന വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നായിരുന്നു പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോദി.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.
Security breach in PM Narendra Modi’s convoy near Punjab’s Hussainiwala in Ferozepur district. The PM’s convoy was stuck on a flyover for 15-20 minutes. pic.twitter.com/xU8Jx3h26n
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.