കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. 24 ന്യൂസിന് വേണ്ടി അരുണ്‍ കുമാര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.
ഇത്തവണ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന് അങ്ങേക്കും അറിയാം ശരിയല്ലെ എന്ന അരുണ്‍കുമാറിന്റെ ചോദത്തിന്, സ്വാഭാവികമാണ് എന്നായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇത് തന്നെയാണെന്നും രാഹുലും താനും പറയുന്നത് ഒരേ കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
‘ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ, രാഹുല്‍ജി ഇന്നലെ എന്താണ് പറഞ്ഞത് രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ കാര്യമാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബി.ജെ.പിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. സ്വാഭാവികമായും അത്, ഇതു പക്ഷേ ഇതുവരെ കേരളത്തില്‍ വന്നിട്ടില്ല’ സുധാകരന്‍ പറഞ്ഞു.
തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി എന്ന് പറയുന്നത് സി.പി.ഐ.എമ്മാണ് എന്നും സുധാകരന്‍ പറഞ്ഞു.