national news
സന്യാസികളാണ് രാജ്യത്ത് പുരോഗതി കൊണ്ടുവന്നത്; ഫത്‌വകള്‍ക്ക് രാജ്യത്തെ മുന്നോട്ടു നയിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 28, 05:10 pm
Friday, 28th September 2018, 10:40 pm

ഗോരഖ്പൂര്‍: മുസ്‌ലിം പുരോഹിതര്‍ പുറത്തിറക്കുന്ന ഫത്‌വകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീംറാവു അംബേദ്കറിനെപ്പോലുള്ളവര്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയ്ക്കനുസരിച്ചാണ് രാജ്യം മുന്നോട്ടു പോകുന്നത്, മറിച്ച് ഫത്‌വകകളെ പിന്തുടര്‍ന്നു കൊണ്ടല്ല എന്നാണ് ആദിത്യനാഥിന്റെ പ്രസ്താവന.

മതം സുരക്ഷിതമായിരിക്കുമ്പോള്‍ രാജ്യവും സുരക്ഷിതമായിരിക്കും. ജനങ്ങള്‍ക്കു മുന്നിലുള്ള എല്ലാ പ്രതിസന്ധികളും ഭരണഘടനയില്‍ അധിഷ്ഠിതമായി പരിഹരിക്കാന്‍ സാധിക്കും – ആദിത്യനാഥ് പറയുന്നു.

സന്യാസികള്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ജനങ്ങള്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. അതു ശ്രദ്ധിക്കാന്‍ പോയിരുന്നെങ്കില്‍ ഗോരഖ്പൂരില്‍ ഇത്രയേറെ വികസനം കൊണ്ടുവരാന്‍ തനിക്കാകുമായിരുന്നില്ലെന്നും ആദിത്യനാഥ് പൊതു പരിപാടിയില്‍ പ്രസംഗിക്കവേ പറഞ്ഞു.

 

Also Read: “എന്തെങ്കിലും നടക്കാന്‍ സാധ്യതയുണ്ട്”; പാകിസ്താനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് സൂചന നല്‍കി രാജ്‌നാഥ് സിംഗ്

 

സന്യാസികളും വിശുദ്ധരും തെളിച്ച വഴിയിലൂടെ നടന്നാണ് രാജ്യത്തിന് ഇന്നു കാണുന്ന പുരോഗതിയും സമൃദ്ധിയുമുണ്ടായത്. ഇവിടെ വിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. എല്ലാ ജാതിമതസ്ഥരും ഒരേപോലെയാണ് പരിഗണിക്കപ്പെടുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

“ഫത്‌വയുടെ രാഷ്ട്രീയം” എതിര്‍ക്കപ്പെടണമെന്നും, അതിനായി ഹിന്ദു സന്യാസികളുടെ നേതൃത്വത്തില്‍ നവംബര്‍ ആദ്യവാരം ദല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.