Entertainment news
എന്റെ ആദ്യ പ്രണയം വണ്‍ സൈഡായിരുന്നു; ആ കുട്ടി ഇതുവരെ ഈ കാര്യമറിഞ്ഞിട്ടില്ല: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 07, 08:53 am
Thursday, 7th March 2024, 2:23 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രമാണ് പ്രേമലു.

നസ്ലെന്‍, മമിത ബൈജു എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്. സിനിമക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. തന്റെ ആദ്യ പ്രണയം ഒരു വണ്‍ സൈഡ് ലവ്വായിരുന്നുവെന്നാണ് താരം പറയുന്നത്. ആ കുട്ടിയോട് തന്റെ ഇഷ്ടം പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി ഈ കാര്യം അറിഞ്ഞിട്ടില്ലെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഫസ്റ്റ് ലവ് ഒരു വണ്‍ സൈഡ് ലവ്വായിരുന്നു. നല്ലൊരു പ്രണയമായിരുന്നു അത്. ആ കുട്ടിയോട് ഇഷ്ടം പറഞ്ഞിട്ടില്ല. ആ കുട്ടി ഈ കാര്യം അറിഞ്ഞിട്ടില്ല. എപ്പോള്‍ ആലോചിക്കുമ്പോഴും അടിപൊളിയായ പരിപാടിയാണ് അത്,’ നസ്‌ലെന്‍ പറഞ്ഞു.

എന്നെങ്കിലും തന്റെ പ്രണയം ആ പെണ്‍കുട്ടിയോട് പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘ആ കുട്ടിയോട് പ്രണയം പറയണമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ല. ആ സമയത്ത് നല്ല രസമായിരുന്നു. ഫസ്റ്റ് ലവ് ആണല്ലോ. ഇപ്പോള്‍ പക്ഷേ അങ്ങനെയൊന്നും തോന്നുന്നില്ല,’ നസ്‌ലെന്‍ പറഞ്ഞു.

നസ്ലെന്‍ നായകനായ പ്രേമലു ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ജോജി, കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

നസ്‌ലെനും മമിത ബൈജുവിനും പുറമെ ശ്യാം മോഹന്‍, സംഗീത് പ്രദീപ്, അല്‍ത്താഫ് സലിം, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മാത്യു തോമസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. വിഷ്ണു വിജയന്‍ സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.


Content Highlight: Naslen Talks About His First Love