ഹരിയാനയായാലും മഹാരാഷ്ട്രയായാലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുമെന്ന് മോദി
national news
ഹരിയാനയായാലും മഹാരാഷ്ട്രയായാലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുമെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2019, 6:30 pm

മുംബൈ: മഹാരാഷ്ട്രയായാലും ഹരിയാനയായാലും വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് കനത്ത പരാജയമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച വിജയം കാണുമെന്നും നരേന്ദ്രമോദി പറഞ്ഞു.

‘കോണ്‍ഗ്രസിനും എന്‍.സി.പിക്കും ജനങ്ങളുടെ താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടി കിട്ടിയതാണ്. ഈ സമയവും ജനങ്ങള്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.’ മഹാരാഷ്ട്രയിലെ റാലിക്കിടെ മോദി പറഞ്ഞു.

മോദി സര്‍ക്കാര്‍ ഛത്രപതി ശിവജിയെ പോലെ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഒക്ടോബര്‍ 21 നാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് വോട്ടെണ്ണും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെയും മോദി വിമര്‍ശിച്ചു. കാറ്റ് ഏത് ദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി അറിയാമായിരുന്നതു കൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പവാര്‍ സത്താരയില്‍ നിന്നും മത്സരിക്കാതിരുന്നതെന്നാണ് മോദി പറഞ്ഞത്.

സത്താര മണ്ഡലത്തിലെ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഒക്ടോബര്‍ 21 ന് തന്നെയാണ് നടക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്യാന്‍രാജെ ഭോസലെ എന്‍.സി.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് സത്താരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നത്. ഭോന്‍സലേ ഇത്തവണത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. മുന്‍പ് രണ്ടു തവണ എം.പിയായിരുന്ന ശ്രീനിവാസ് പാട്ടീലിനെയാണ് എന്‍.സി.പി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്.