'കര്‍ഷകര്‍ക്ക് കൈവന്നിരിക്കുന്നത് പുതിയ അവസരങ്ങള്‍'; ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി; ആളിക്കത്തി കര്‍ഷകരോഷം
farmers protest
'കര്‍ഷകര്‍ക്ക് കൈവന്നിരിക്കുന്നത് പുതിയ അവസരങ്ങള്‍'; ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി; ആളിക്കത്തി കര്‍ഷകരോഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th November 2020, 12:13 pm

ന്യൂദല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കീ ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം.

കര്‍ഷകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതും എന്നാല്‍ എല്ലാ സര്‍ക്കാരുകളും നിരന്തരം നിരസിക്കുന്നതുമായ ആവശ്യങ്ങളാണ് ഒടുവില്‍ നടപ്പിലായിരിക്കുന്നതെന്ന് മോദി പറഞ്ഞു.

നിരവധി ആലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയത്. ഇതോടുകൂടി കര്‍ഷകര്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്ന അനേകം തടസങ്ങള്‍ മാറുകയാണ് ചെയ്തത്. അവര്‍ക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും കൈവരികയും ചെയ്തുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം നടപ്പിലാക്കില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിലൂടെ നല്‍കിയത്. ഇതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രോഷവും വര്‍ധിച്ചിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം തുടരുകയാണ്.

ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.

വലിയ മൈതാനത്തിലേക്ക് കര്‍ഷകരെ മാറ്റാന്‍ ദല്‍ഹി പൊലീസ് തയ്യാറാണെന്നും അവിടേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്നുമാണ് കര്‍ഷകരോട് അമിത് ഷാ ആവശ്യപ്പെട്ടത്.

‘ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ കര്‍ഷകര്‍ തങ്ങള്‍ പറയുന്ന സ്ഥലത്തേക്ക് മാറണം. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ നിങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

അതേസമയം കര്‍ഷക പ്രക്ഷോഭം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകപ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായുള്ള കര്‍ഷകരുടെ പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “New Laws Gave Farmers More Opportunities”: PM Modi Amid Protests