national news
നളീന്‍ കുമാര്‍ കട്ടീല്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 20, 05:29 pm
Tuesday, 20th August 2019, 10:59 pm

ബംഗളൂരു: മുഖ്യമന്ത്രിയായ ബി.എസ് യെദ്യൂരപ്പയ്ക്ക് പകരം കര്‍ണാടക ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി ലോക്‌സഭാ എം.പി നളീന്‍ കുമാര്‍ കട്ടീലിനെ തെരഞ്ഞെടുത്തു. കടുത്ത ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന നേതാവാണ് നളീന്‍ കട്ടീല്‍.

അമിത് ഷായാണ് കട്ടീലിനെ ചുമതലയേല്‍പ്പിച്ചതെന്ന് ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

18ാം വയസില്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തനമാരംഭിച്ച കട്ടീല്‍ 2004ലാണ് ബി.ജെ.പിയിലെത്തുന്നത്. വിവാദ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്താറുള്ള നളീന്‍ കുമാര്‍ കട്ടീല്‍ ആര്‍.എസ്.എസ് നേതൃത്വത്തിനും പ്രിയങ്കരനാണ്.

ഇതുവരെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളുടെ ചുമതലയുള്ള പാര്‍ട്ടി പ്രഭാരിയായിരുന്നു നളീന്‍ കുമാര്‍ കട്ടീല്‍.

മൂന്നു തവണയായി ദക്ഷിണ കന്നഡ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് കട്ടീല്‍. 2009ല്‍ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയായിരുന്ന ഡി.വി സദാനന്ദ ഗൗഡയെ മാറ്റിയാണ് നളീന്‍ കുമാര്‍ കട്ടീല്‍ ആദ്യം ഇവിടെ സ്ഥാനാര്‍ത്ഥിയായത്. പിന്നീട് രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് നളീന്‍ കുമാര്‍ കട്ടീല്‍ വിജയിച്ചു.